വിരമിക്കൽ പ്രഖ്യാപിക്കുമ്പോള്‍ ഞാൻ എല്ലാവരേയും അറിയിക്കും;മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്ന് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം

40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്നാണ് മേരി കോമിനെ ഉദ്ധരിച്ച് നേരത്തെ വാർത്തകൾ വന്നത്.

ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, എന്നെ തെറ്റായി ഉദ്ധരിച്ചതാണ്. എപ്പോൾ വേണമെങ്കിലും ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരും. ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചുവെന്നും പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയില്‍ പെട്ടു. ഇത് ശരിയല്ല. 2024 ജനുവരി 24 ന് ദിബ്രുഗഡിൽ നടന്ന ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു, അതിൽ കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു, ‘എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടമുണ്ടാക്കാനുള്ള ആഗ്രഹമുണ്ട്, എന്നാൽ ഒളിംപിക്സിലെ പ്രായപരിധി എന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ല. ഞാൻ ഇപ്പോഴും എന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കൽ പ്രഖ്യാപിക്കുമ്പോള്‍ ഞാൻ എല്ലാവരേയും അറിയിക്കും,” മേരി കോം പറഞ്ഞു..

ആറു തവണ ലോക ചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്സർ എന്ന റെക്കോർഡ് മേരി കോമിന്റെ പേരിലാണ്. 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്.

2003ലെ ആദ്യ ലോക ചാമ്പ്യൻ പട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു.2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022വരെ രാജ്യസഭാംഗമായിരുന്നു.

Vartha Malayalam News - local news, national news and international news.