പോലീസ് പ്രതിയെ സഹായിക്കുന്നു, തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.. മയൂഖ ജോണി

തൃശ്ശൂര്‍: ആളൂര്‍ പീഡനക്കേസില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീസിനെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. തനിക്കും ഇരയായ പെണ്‍കുട്ടിക്കും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. 'ആളൂര്‍ പീഡനക്കേസ്സിലെ പ്രതിയായ സി.സി. ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യം കേരളാ ഹൈക്കോടതി തള്ളിയതു മുതല്‍ ഇരയായ പെണ്‍കുട്ടിയെയും പെണ്‍കുട്ടിയ്‌ക്കൊപ്പം നിന്നു എന്ന കാരണത്താല്‍ എനിക്കെതിരെയും ഭീഷണികളും വ്യാജ കേസുകളും നല്‍കി പീഡിപ്പിക്കുകയാണ് പ്രതിയുടെ കൂട്ടാളികള്‍'- മയൂഖ പറഞ്ഞു.

ഭീഷണികള്‍ ഉണ്ടായ ഓരോ സന്ദര്‍ഭത്തിലും ലോക്കല്‍ പോലീസിനെ പരാതികള്‍ മുഖേന സമീപിച്ചിട്ടും അവയില്‍ മൊഴികള്‍ രേഖപ്പെടുത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല. കേസില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന ഭീഷണി കോള്‍ വന്നതു സംബന്ധിച്ച് പരാതിപ്പെട്ട ഇരയായ പെണ്‍കുട്ടിയോട് സ്റ്റേഷനില്‍ എത്തി നേരിട്ട് മൊഴി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു'.

അതു പ്രകാരം സ്റ്റേഷനിലെത്തിയ പെണ്‍കട്ടിയെയും ഭര്‍ത്താവിനെയും ആളൂര്‍ പോലീസ് എസ്.പി പൂങ്കുഴലി കുറച്ച് ദിവസം കഴിഞ്ഞേ മൊഴി സ്വീകരിക്കാന്‍ കഴിയൂവെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പ്രതിയെ സഹായിക്കുന്ന ഈ നടപടിക്കെതിരെ പെണ്‍കുട്ടി കേരളാ ഡി.ജി.പി, അഡീഷണല്‍ ഡി.ജി.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും മയൂഖ പറഞ്ഞു

Vartha Malayalam News - local news, national news and international news.