നിപ വൈറസിനെതിരെ മനുഷ്യരില്‍ ആദ്യമായി വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച്‌ ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍

ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീഷണി തുടരുന്ന മാരകമായ നിപ വൈറസിനെതിരേ ആദ്യമായി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച്‌ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.

18-നും 55-നും ഇടയില്‍ പ്രായമുള്ള 51 പേരിലാണ് ChAdOx1 NipahB എന്ന വാക്‌സിന്‍ പരീക്ഷിച്ചത്. 75 ശതമാനം കേസുകളിലും മാരകമായേക്കാവുന്നതും മരണകാരണമായേക്കാവുന്നതുമായ വൈറസ് ആണിതെന്ന് ഗവേഷകര്‍ പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂര്‍, മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവടങ്ങളിലെല്ലാം ഈ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടം. ഇവയുമായി ബന്ധം പുലര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും (പന്നി പോലുള്ളവ) മനുഷ്യരിലേയ്ക്ക് രോഗം പടരുകയാണ് ചെയ്യുന്നത്. അടിയന്തര ഗവേഷണം ആവശ്യമുള്ള മുന്‍ഗണനാ രോഗമായി ലോകാരോഗ്യസംഘടന ഈ വൈറസിനെ അംഗീകരിച്ചിട്ടുണ്ട്. അഞ്ചാം പനി പോലുള്ള കൂടുതല്‍ അറിയപ്പെടുന്ന രോഗകാരികളായ പാരാമിക്‌സോ വൈറസിന്റെ അതേ കുടുംബത്തിലാണ് നിപ വൈറസും ഉള്‍പ്പെടുന്നത്.

Vartha Malayalam News - local news, national news and international news.