പോൽ ആപ്പ്: വീട് പൂട്ടി പോകുന്നവർ ശ്രദ്ധിക്കുക

വീട് പൂട്ടി ദീർഘകാലത്തേക്ക് മാറി നിൽക്കുന്നവർക്ക് ഇനി ആശങ്ക വേണ്ട. വീടിനു സംരക്ഷണം ഉറപ്പുവരുത്താൻ പോലീസിന്റെ പുതിയ സേവനമായ പോൽ ആപ്പിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. വീട് പൂട്ടി ദീർഘദൂര യാത്ര പോകുന്നവർ, ദീർഘകാലത്തേക്ക് വീട് മാറി നിൽക്കുന്നവർ എന്നിവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

പോൽ ആപ്പിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ മോഷണം പോലുള്ള ആശങ്കകൾ ഇല്ലാതെ വീട്ടുകാർക്ക് വീട് അടച്ചിട്ട് പോകാം എന്നാണ് പ്രത്യേകത. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം മൊബൈൽ നമ്പർ വെച്ച് രജിസ്റ്റർ ചെയ്യുക. സ്ഥലം, ലാന്റ് മാർക്ക്, ഫോൺ, ജില്ല തുടങ്ങിയ വിവരങ്ങൾ നൽകുമ്പോൾ തന്നെ അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലുകളിൽ വിവരങ്ങൾ ലഭിക്കും. ഈ സേവനം ഉപയോഗപ്പെടുത്തിയാൽ വീട് പൂട്ടി പോകുന്നത് എത്ര ദിവസം ആയാലും വീട് പോലീസിന്റെ നിരീക്ഷണത്തിൽ ഉണ്ടാകും.

Vartha Malayalam News - local news, national news and international news.