പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി സംഭവം ഇടുക്കി തങ്കമണിക്കു സമീപം

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്‌കൂളിൽ വച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സ്‌കൂൾ മാനേജരായ വൈദികൻ പീഡിപ്പിച്ചെന്നാണ് 16 കാരിയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പീഡനം നടന്നതായി വ്യക്തമായാൽ വൈദികനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തങ്കമണി പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഒരു വർഷം മുമ്പാണ് പീഡനമുണ്ടായതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

വയോധികനായ വൈദികൻ തന്നെ സ്‌കൂളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ അന്വേഷണത്തിൽ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം വൈദികൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാൻ എത്തിയപ്പോൾ ഫീസ് അടക്കാൻ നിർബന്ധിച്ചതിന്‍റെ വൈരാഗ്യത്തിന് കുട്ടി പരാതി നൽകിയതാണെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

Vartha Malayalam News - local news, national news and international news.