പുടിന്റെ പുതിയ കളി : എണ്ണ വേണോ, റൂബിൾ തരൂ; റൂബിൾ വില ഉയർത്താൻ പുതിയ തന്ത്രവുമായി പുട്ടിൻ

റഷ്യൻ കറൻസിയായ റൂബിളിനെ തറ പറ്റിച്ച പാശ്ചാത്യ ഉപരോധത്തിനു പ്രതിവിധി കാണാൻ പുതിയ തന്ത്രവുമായി റഷ്യ. റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകൂ എന്ന് ഇന്നലെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. എണ്ണ വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും; ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും. ആഭ്യന്തര വിപണിയിൽ റഷ്യ നേരിടുന്ന വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാണു റഷ്യയുടെ ശ്രമം. 

അതേസമയം, റഷ്യയിൽ പ്രവർത്തനം തുടരുന്നതിനെതിരെ കടുത്ത വിമർശനം നേരിട്ട ബഹുരാഷ്ട്ര കമ്പനി നെസ്‍ലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അറിയിച്ചു. കിറ്റ്കാറ്റ് ചോക്ലേറ്റ് ഉൾപ്പെടെയുള്ളവയുടെ ഉൽ‌പാദനവും വിൽപനയും അവസാനിപ്പിച്ചു. ബേബിഫുഡ്, രോഗികൾക്കുള്ള ആഹാരം എന്നിങ്ങനെ അവശ്യവിഭാഗത്തിൽപെട്ട ഏതാനും ഉൽപന്നങ്ങളുടെ വിൽപന തുടരും. നെസ്‍ലെയ്ക്കെതിരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. 

സോവിയറ്റ് യുഗത്തിൽ റഷ്യ

പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്നു തകർന്ന റഷ്യൻ വിപണിയിൽ സോവിയറ്റ് യുഗത്തെ ഓർമിപ്പിച്ച് അവശ്യവസ്തുക്കൾക്ക് ക്ഷാമം. പഞ്ചസാരയ്ക്കു വേണ്ടി സൂപ്പർമാർക്കറ്റിൽ ആളുകൾ തല്ലുകൂടുന്നത് ഉൾപ്പെടെയുള്ള വിഡിയോകൾ പുറത്തുവന്നു. പച്ചക്കറികൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയിലേറെ വർധിച്ചു.

സമാധാനദൗത്യവും യുദ്ധമാകും: റഷ്യ

സമാധാനദൗത്യവുമായി നാറ്റോ യുക്രെയ്നിൽ പ്രവേശിച്ചാൽ ഫലം റഷ്യ–നാറ്റോ യുദ്ധമായിരിക്കുമെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ്. പോളണ്ടിന്റെ നേതൃത്വത്തിൽ യുക്രെയ്നിൽ നാറ്റോയുടെ സമാധാനസേനയെ വിന്യസിക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 

അതേസമയം, യുക്രെയ്നിൽ നാറ്റോ സമാധാനസേനയെ അയയ്ക്കാൻ ആലോചനയില്ലെന്ന് ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് വ്യക്തമാക്കി. 

റഷ്യൻ പ്രതിരോധമന്ത്രിയെ കാണാനില്ല

റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷായ്ഗുവിനെ 12 ദിവസമായി കാണാനില്ലെന്ന് റിപ്പോർട്ട്. മാർച്ച് 11നു ശേഷം അദ്ദേഹത്തെ പൊതുരംഗത്തു കണ്ടിട്ടില്ല. മാർച്ച് 11 വരെ മാധ്യമങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ഷായ്ഗുവിന്റെ തിരോധാനം യുക്രെയ്നിലെ റഷ്യൻ സേനാനഷ്ടവുമായി കൂട്ടിവായിക്കുകയാണു നിരീക്ഷകർ. 

യുക്രെയ്നിലെ നഷ്ടത്തിന്റെ പേരിൽ ഒട്ടേറെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ പുട്ടിൻ പുറത്താക്കിയിരുന്നു. റഷ്യയുടെ 15 ഉന്നത ഉദ്യോഗസ്ഥർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു.

Vartha Malayalam News - local news, national news and international news.