കഴുകന്മാരുടെ അടുത്തേക്കാണ് പോയത്, ഇനി മകളെ കാണണമെന്നില്ല'; ജോയ്സ്നയുടെ അച്ഛന്‍

ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയില്‍ വച്ച്‌ ആഗ്രഹം.

കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവള്‍ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു.

കോഴിക്കോട് കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹത്തിലെ പെണ്‍കുട്ടിയാണ് ജോയ്സ്ന. പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാന്‍ അനുവദിച്ച്‌ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കോടഞ്ചേരി സ്വദേശി ജോയ്സ്നയുടെ അച്ഛന്‍ ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.

ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജോയ്സന നിലപാട് ആവര്‍ത്തിച്ചു. മാതാപിതാക്കളെ കാണാന്‍ തത്കാലം ആഗ്രഹിക്കുന്നില്ല,സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജോയ്സ്ന അറിയിച്ചു. ജോയ്സനയെ കേട്ട കോടതി ഉടന്‍ ഹര്‍ജി തീര്‍പ്പാക്കി പെണ്‍കുട്ടിയുടെ തീരുമാനം അംഗീകരിച്ചു. വിദേശത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും അച്ഛന്‍ ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 26വയസ്സുള്ള ജോയ്സ്ന വിദേശത്തടക്കം ജോലി ചെയ്ത് ലോകം കണ്ട വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്പെഷ്യല്‍ മ്യാരേജ് ആക്‌ട് പ്രകാരം ഷെജിനുമായി വിവാഹിതയായ ജോയ്സന നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്നും പറയാനാകില്ല. അതിനാല്‍ വ്യക്തിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ പരിധി ഉണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി എസ് സുധ, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.

Vartha Malayalam News - local news, national news and international news.