ട്രൂകോളര്‍ വേണ്ട; സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നവരുടെ ശരിയായ പേര് ഇനിയറിയാം.

ട്രൂകോളര്‍ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ?

അത്തരത്തിലൊരു മാര്‍ഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്നത്. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഫോണ്‍ കോള്‍ ലഭിക്കുന്നയാളുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണിത്.

സ്പാം, ഫ്രോഡ് കോളുകള്‍ ഫോണിലേക്ക് വരുമ്പോള്‍ ഈ പുതിയ സംവിധാനമുപയോഗിച്ച്, സേവ് ചെയ്യാത്ത നമ്പരാണെങ്കില്‍ വിളിക്കുന്നയാളുടെ ശരിയായ പേര് ഫോണിലെ സ്‌ക്രീനില്‍ തെളിയും. ട്രൂകോളര്‍ അടക്കമുള്ള ആപ്പുകളെക്കാള്‍ സുതാര്യത പുതിയ സംവിധാനത്തിനുണ്ടെന്നാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവകാശവാദം. ഉപയോക്താക്കള്‍ ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെയും സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും പ്രശ്‌നം തടയാന്‍ ടെലികോം റെഗുലേറ്റര്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തി. ‘സ്പാം, സ്‌കാം കോളുകള്‍ തടയാന്‍ നമ്പര്‍ തിരിച്ചറിയല്‍ നിര്‍ണായകമാണ്, കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങളിതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. എങ്കിലും ട്രായിയുടെ ഈ നീക്കത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും പിന്തുണ നല്‍കുന്നുവെന്നും ട്രൂകോളര്‍ വക്താവ് പറഞ്ഞു.

Vartha Malayalam News - local news, national news and international news.