കനത്ത മഴയും കാറ്റും വന്ദേ ഭാരത് ഏക്സ്പ്രസ്സിന്റെ ചില്ല് തകർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത് ദിവസങ്ങള്‍ക്കം വഴിയില്‍ കുടുങ്ങി ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസ്.

ശക്തമായ കാറ്റിലും മഴയിലും മരംവീണ് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാണ് ട്രെയിന്‍ വഴിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് ദുലാഖപട്ടണ-മഞ്ചൂരി റോഡ് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് മരം വീണതായാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. ഇതോടെ തീവണ്ടിയെ വൈദ്യുതി ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് തകര്‍ന്നു. തുടര്‍ന്ന് ട്രെയിനിലെ വൈദ്യുതിയും തടസപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും ഡ്രൈവര്‍ ക്യാബിന് മുന്നിലെ ഗ്ലാസിനും വശങ്ങളിലെ ജനാലച്ചില്ലുകള്‍ക്കും കേടുപാടുണ്ടായി.

വൈദ്യുത ബന്ധം വിച്ചേദിക്കപ്പെട്ടതോടെ ഡീസല്‍ എന്‍ജിന്‍ എത്തിച്ചാണ് ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഹൗറയിലേക്ക് കൊണ്ടുപോയത്. ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ തിങ്കളാഴ്ചത്തെ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഒഡീഷയിലെ പുരിയെ പശ്ചിമ ബംഗാളിലെ ഹൗറയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്.

Vartha Malayalam News - local news, national news and international news.