ഇന്നത്തെ പ്രധാനപ്പെട്ട 40 വാർത്തകൾ ഒരു ക്ലിക്കിൽ

ഐ എൻ എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കേ, ദേശീയ നിര്‍വാഹക സമിതി യോഗം അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായിട്ടാണു യോഗം ചേര്‍ന്നത്. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍വഹാബ് പറഞ്ഞു.

🔳കണ്ണൂരിലെ തോട്ടടയില്‍ വിവാഹ സംഘത്തിനുനേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടില്‍ പാട്ടുവച്ചതിനെച്ചൊല്ലി ശനിയാഴ്ച രാത്രി തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയ്ക്ക് വിവാഹം കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്കു പോകുമ്പോള്‍ പിക്കപ്പ് വാനില്‍വന്ന സംഘം ബോബെറിയുകയായിരുന്നു. ബോംബുമായി എത്തിയ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജിഷ്ണു. സംഘം ആദ്യമെറിഞ്ഞ ബോംബു പൊട്ടിയില്ല. ആ ബോംബ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ പതിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.

🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ സംഘത്തിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഒളിവിലുള്ള എച്ചൂര്‍ സ്വദേശിയായ മിധുന്‍ എന്നയാളെ പോലീസ് തെരയുന്നു. ഇതിനിടെ, സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്യാണത്തിന്റെ ബാന്റ് മേളം കടന്നുപോകുമ്പോഴാണ് സ്ഫോടനം ഉണ്ടായത്.

🔳വിവാഹ സംഘത്തിനെതിരായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട തോട്ടടയില്‍ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് എത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചതിനെ ചോദ്യംചെയ്ത് സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ബലം പ്രയോഗിച്ച് ഇരുകൂട്ടരേയും പിരിച്ചുവിടുകയായിരുന്നു.

🔳തൃശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി. വരവ് പൂരങ്ങള്‍ക്ക് മൂന്ന് ആനയും ഗുരുവായൂര്‍ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കും. ആറാട്ടുപുഴ പൂരത്തിന് പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച നടത്തും. കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

🔳ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിക്കു തീപിടിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിച്ചത്. സൗപര്‍ണിക ജ്വല്ലറിയുടെ രണ്ടു കടമുറികള്‍ കത്തിനശിച്ചു. കടയിലെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കത്തിനശിച്ചു. അഗ്നിശമനസേന തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

🔳ആലുവയില്‍ മുട്ടത്തിനടുത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്ക്. ആലുവ നൊച്ചിമ സ്വദേശി പി.എ. ബക്കര്‍ (62) ആണു മരിച്ചത്. ചായക്കടയിലേക്കാണു കാര്‍ പാഞ്ഞുകയറിയത്. കാറില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു കുട്ടികളാണുണ്ടായിരുന്നത്. കാര്‍ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീം, കാര്‍ ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരേ കേസെടുത്തു.

🔳മലപ്പുറത്തുനിന്ന് കാണാതായ നവവധു കടലുണ്ടി പുഴയില്‍ മരിച്ച നിലയില്‍. വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. 26 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യ വിവാഹിതയായത്. ശനിയാഴ്ച വൈകീട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്നു പറഞ്ഞാണ് ആര്യ പുറത്തേക്കു പോയത്.

🔳ദേശീയപാത വികസനത്തിനു വെട്ടിമാറ്റുന്ന മരങ്ങള്‍ക്കു പകരം പത്തിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന 1.60 കോടി രൂപയുടെ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം. ചാണകത്തിനു നാലിരട്ടി വില എഴുതിയെടുത്തതടക്കമുള്ള ക്രമക്കേടുകളുണ്ട്. വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററോട് അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

🔳സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാ ലംഘനങ്ങള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ നിക്ഷിപ്ത താല്പര്യക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ പിന്തുണ നല്‍കുന്ന കെപിസിസി പ്രസിഡന്റിനോട് നന്ദി ഉണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

🔳പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ സമരത്തിന്. പെരിന്തല്‍മണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും. അറസ്റ്റു ചെയ്തില്ലെങ്കില്‍ ബുധനാഴ്ച സംസ്ഥാന വ്യാപക സമരം തുടങ്ങുമെന്ന് ഐഎംഎ അറിയിച്ചു. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ താഴേക്കോട് സ്വദേശിനി ഫാത്തിമത്ത് ഷമീബ മരിച്ചതിന് ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തിരുന്നു.

🔳പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ഇന്നലെ രാത്രി ആള് കയറി. കയറിയയാളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി തന്നെ താഴെയെത്തിച്ചു. നിരോധിത വനമേഖലയായ മലമുകളില്‍നിന്നു ഫ്ളാഷ് ലൈറ്റുകള്‍ തെളിഞ്ഞതു കണ്ട നാട്ടുകാരാണു വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. രാത്രിതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് മലമുകളില്‍നിന്നു പിടികൂടിയത്.

🔳മലമ്പുഴ ചെറാട് മലനിരകളില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാ വിഭാഗത്തിനു വീഴ്ചയുണ്ടായെന്നു നിരീക്ഷണം. പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസര്‍ക്ക് ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം വൈകി എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇതേസമയം, സേനയുടെ വിഗദ്ധസംഘം എത്തിയിട്ടും മല കയറാന്‍ പോലീസിന്റേയും വനംവകുപ്പിന്റേയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടിവന്നെന്നാണു സേനാംഗങ്ങള്‍ പറയുന്നത്.

🔳മകളുടെ കാഴ്ചശക്തി വീണ്ടെടുത്തതിനു കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകള്‍ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് മുന്‍ കെനിയന്‍ പ്രധാനമന്ത്രി എത്തിയത്. ചികിത്സയില്‍ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം, ആയുര്‍വേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാഞ്ഞു.

🔳കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. ആദ്യ ശസ്ത്രക്രിയയാണ് ഇന്നു രാവിലെ ആരംഭിച്ചത്. 18 മണിക്കോറോളം നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെയും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവിന്റേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

🔳ബഹറിന്റെ ആദ്യ ഗോള്‍ഡന്‍ വിസ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക്. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 001 നമ്പരുള്ള ആദ്യ ഗോള്‍ഡന്‍ വിസ എം.എ യുസുഫലിക്കു നല്‍കാന്‍ തീരുമാനമാനിച്ചത്. ഈ ബഹുമതി തന്റെ ജീവിതത്തില്‍ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും യൂസഫലി പറഞ്ഞു.

🔳തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു. സ്രാവിനെ ജീവനോടെ കടലിലേക്കു തിരിച്ചയക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടു. ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവ് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. ചെകിളയിലും മറ്റും മണല്‍ നിറഞ്ഞിരുന്നു.

🔳ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഇന്നു വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് 152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളുണ്ട്. 2017 ല്‍ 57 സീറ്റ് നേടി ഭരണത്തിലുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. ബിജെപി ഭരിക്കുന്ന ഗോവയിലെ 40 സീറ്റുകളിലേക്കും ഇന്നു ജനവിധിയുണ്ടാകും.

🔳നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഇന്ന് ജലന്ധറിലും 16 ന് പത്താന്‍കോട്ടിലും 17 ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന് മോദിക്കെതിരെ കരിങ്കൊടികളുമായി പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ചത് ഏറെ വിവാദമായിരുന്നു.

🔳ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നു വാദം തുടരും. അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്നു വിദ്യാലയങ്ങള്‍ തുറക്കും. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.

🔳ഭൂമിയെ പോലെയുള്ള 60 ഗ്രഹങ്ങളെ ഇന്ത്യന്‍ ശാസത്രജ്ഞര്‍ കണ്ടെത്തി. ആര്‍ട്ടിഫിഷ്യല്‍ ടെക്നോളജി ഉപയോഗിച്ചാണ് 5000 ഗ്രഹങ്ങളുടെ കൂട്ടത്തില്‍ നിന്ന് 60 വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞര്‍, ഗോവ ബിറ്റ്സ് പിലാനിയിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി ജ്യോതിശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് ഗ്രഹങ്ങളെ കണ്ടെത്തിയത്.

🔳കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആധുനിക ജിന്നയാണെന്നും രാജീവ് ഗാന്ധിയുടെ മകനാണോയെന്നു തെളിവു ചോദിക്കുന്നുണ്ടോയെന്നും പ്രസംഗിച്ച ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരേ വ്യാപക പ്രതിഷേധം. ഹിമന്ത ബിശ്വ ശര്‍മ്മ പിതൃശൂന്യ പരമാര്‍ശമാണ് നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അപലപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആസാമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ കോലം കത്തിച്ചു.

🔳രാജസ്ഥാനിലെ ചുരുവില്‍ ജോലി തേടിയെത്തിയ ഇരുപത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടിയാണ് മുകളില്‍നിന്ന് തള്ളിയിട്ടത്. കൈകാലുകള്‍ കെട്ടിയിട്ട കയര്‍ ഒരു കമ്പിയില്‍ കുടുങ്ങിയതുകൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടു. കുറ്റകൃത്യം ചെയ്തവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

🔳ആഭരണങ്ങള്‍ പരമാവധി കുറയ്ക്കണമെന്ന് ക്യാബിന്‍ ക്രൂവിനോട് എയര്‍ ഇന്ത്യ. ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം, യാത്രക്കാര്‍ കയറുന്നതിനുമുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിന് നല്‍കിയത്.

🔳ഐപിഎല്‍ 2022 സീസണ് മുന്നോടിയായുള്ള മെഗാ താരലേലം അവസാനിച്ചു. രണ്ടാം ദിനത്തിലെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. മലയാളി താരം വിഷ്ണു വിനോദിനെ 50 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. അതേസമയം ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല. മലയാളി താരങ്ങളായ സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍ എന്നിവരെയും രണ്ടാം ദിനം ആരും വാങ്ങിയില്ല.

🔳ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ തകര്‍ത്താണ് ചെല്‍സിയുടെ കിരീട നേട്ടം. ഇതാദ്യമായാണ് ചെല്‍സി ക്ലബ്ബ് ലോകകപ്പ് നേടുന്നത്.

🔳കേരളത്തില്‍ ഇന്നലെ 60,414 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 11 മരണങ്ങള്‍. ഇന്നലെ രേഖപ്പെടുത്തിയ 135 മുന്‍ മരണ

Vartha Malayalam News - local news, national news and international news.