വാട്സാപ്പില്‍ സ്റ്റാറ്റസിട്ടതിന്റെ പേരില്‍ 26കാരിക്ക് വധശിക്ഷയും 20വര്‍ഷം കഠിനതടവും വിധിച്ച്‌ കോടതി

ഇസ്ലാമാബാദ്: മതനിന്ദ പ്രചരിപ്പിക്കുന്ന രീതിയില്‍ വാട്സാപ്പില്‍ സ്റ്റാറ്റസിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചു.

ഇന്നലെയാണ് പാകിസ്ഥാന്‍ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. 2020മേയ് മാസത്തിലാണ് 26കാരിയായ അനീഖ അതീഖിനെ അറസ്റ്റ് ചെയ്തത്. 20വര്‍ഷത്തെ ജയില്‍ ശിക്ഷയും മരണം വരെ തൂക്കിലേറ്റാനുമാണ് കോടതി വിധിച്ചത്. പ്രവാചകരെ നിന്ദിക്കുന്ന രീതിയിലുള്ള കാരിക്കേച്ചറുകളും സന്ദേശങ്ങളുമാണ് വാട്സാപ്പിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്.

മതനിന്ദ എന്നത് കുറ്റകൃത്യമല്ലെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനില്‍ ഇതൊരു പ്രധാന വിഷയമാണ്. അതിനാല്‍ ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ വരെ നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പാകിസ്ഥാനിലുണ്ട്.

വാട്സാപ്പില്‍ യുവതി സ്റ്റാറ്റസിട്ടപ്പോള്‍ അത് മാറ്റണമെന്ന് അവരുടെ ഒരു സുഹൃത്ത് ആവശ്യപ്പട്ടിരുന്നു. എന്നാല്‍ അത് മാറ്റുന്നതിനു പകരം അനീഖ അയാള്‍ക്കത് മെസേജായി അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ലാം നിരോധിച്ചിരുന്ന കാരിക്കേച്ചറുകളാണ് അനീഖ പ്രചരിപ്പിച്ചത്.

മതസ്വാതന്ത്ര്യത്തിനായുള്ള അന്താരാഷ്ട്ര യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 80പേരാണ് നിലവില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്നത്. ഇവരില്‍ പകുതി പേര്‍ക്കും വധശിക്ഷയും ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പാകിസ്ഥാനിലെ ഒരു ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ സ്വദേശിയെ മതനിന്ദ ആരോപിച്ച്‌ പാകിസ്ഥാനില്‍ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

Vartha Malayalam News - local news, national news and international news.