കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാധ്യത കൂടുതല്‍

കോവിഡ് ബാധിതര്‍ക്കിടയില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കോവിഡ് മുക്തി നേടിയ നാല്പത് ശതമാനം പേരിലും ആദ്യ ഒരു വര്‍ഷത്തിനിടെ പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കോവിഡാനന്തര കാലത്ത് പ്രമേഹബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രമേഹത്തിനൊപ്പം തന്നെ കുട്ടികളിലും മുതിര്‍ന്നവര്‍ക്കുമിടയില്‍ കാഴ്ചക്കുറവ്, കിഡ്നി തകരാര്‍, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയവയിലും വര്‍ധനയുണ്ട്. പഞ്ചാബിലെ മൊഹാലി ഫോര്‍ട്ടിസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ആര്‍ മുരളീധരനാണ് ഇതുസംബന്ധിച്ച വിശകലനങ്ങള്‍ നടത്തിയത്.

സാധാരണ അളവിലുള്ള ഇന്‍സുലിന്‍ ലെവലിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരികയോ ശരീരം ആവശ്യപ്പെടുന്ന അളവില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ജനിതക ഘടകങ്ങള്‍ ഇതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നിരവധി പാരിസ്ഥിതിക ഘടകങ്ങളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. നഗരവല്‍ക്കരണവും ജീവിതശൈലിയിലുള്ള മാറ്റങ്ങളുമാണ് ഇവയില്‍ പ്രധാനമെന്ന് ഡോ. മുരളീധരന്‍ പറഞ്ഞു.

ജീവിതനിലവാരം മെച്ചപ്പെട്ടുവെങ്കിലും ശീലങ്ങള്‍ ഉദാസീനമായി, സമയ, സ്ഥലപരിമിതികള്‍ ശാരീരിക അധ്വാനം കുറച്ചു, കൃത്യതയില്ലാത്ത ജോലി സമയം, പാരമ്പര്യ ഭക്ഷണരീതികളില്‍ നിന്നുള്ള വ്യതിചലനം, റിഫൈന്‍ഡ് പഞ്ചസാരയുടെ അമിത ഉപയോഗം, ഫാസ്റ്റ്ഫുഡിന്റെ ലഭ്യത, മാനസിക സമ്മര്‍ദം, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം പ്രമേഹ സാധ്യത ഉയര്‍ത്തുന്ന ഘടകങ്ങളാണ്, ഡോ. മുരളീധരന്‍ പറഞ്ഞു.

ഐസിഎംആറിന്റെ ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച് രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 11 കോടിയാളുകള്‍ പ്രമേഹബാധിതരാണ്. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ 2021ലെ കണക്കനുസരിച്ച് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം സ്ഥാനത്താണ്. 7.42 കോടിയായിരുന്നു ഇന്ത്യയിലെ പ്രമേഹബാധിതരുടെ എണ്ണം. ചൈനയാണ് ഒന്നാമത്. 2000 ലെ കണക്കനുസരിച്ച് 3.17 കോടി പ്രമേഹബാധിതരുമായി ഇന്ത്യയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയിലത് 2.08 കോടിയായിരുന്നു.

Vartha Malayalam News - local news, national news and international news.