ഒരു മാസത്തേക്ക് നോൺ വെജ് ഭക്ഷണം ഉപേക്ഷിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

നോൺ വെജ് ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ ഒട്ടേറെയാണ്. ഒരു മാസത്തേക്ക് നോൺ വെജ് ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നു പറഞ്ഞാൽ അവർക്കൊന്നും ചിന്തിക്കാനേ കഴിയില്ല. എന്നാൽ, മാംസാഹാരവും മറ്റ് നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും കഴിക്കുന്നത് നിർത്തിയാൽ ധാരാളം ഗുണങ്ങളുണ്ടെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ എംഎസ്‌സി (ഡയറ്റീഷ്യൻ) ഡോ.ഏക്ത സിങ്‌വാൾ പറഞ്ഞു.

”പല നോൺ വെജിറ്റേറിയൻമാരും സസ്യാഹാരത്തിലേക്ക് മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. ധാർമ്മികവും പാരിസ്ഥിതികവുമായ ആശങ്കകൾ മുതൽ ആരോഗ്യ ഗുണങ്ങൾ വരെ ഇതിനു പിന്നിലുണ്ട്. വെജിറ്റേറിയൻ ഭക്ഷണക്രമം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾക്കുള്ള അപകട സാധ്യത കുറയ്ക്കുന്നു,” ഡോ.സിങ്‌വാൾ പറഞ്ഞു.

വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു, പോഷകങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നു തുടങ്ങി നോൺ വെജിറ്റേറിയൻ ഭക്ഷണം ഉപേക്ഷിച്ചാൽ നിരവധി ഗുണങ്ങളുണ്ടെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.ആതർ പാഷ പറഞ്ഞു. വൈവിധ്യമാർന്ന സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളെ ആശ്രയിക്കാതെ അവയിൽനിന്നുള്ള പോഷക ആവശ്യങ്ങൾ നിറവേറ്റാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു മാസത്തേക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിൽ ഉടനടി കാണുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

മെച്ചപ്പെട്ട ദഹനം

സസ്യാധിഷ്ഠിത ഭക്ഷണത്തിൽ നാരുകൾ കൂടുതലാണ്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുമെന്ന് പാഷ പറയുന്നു. മലവിസർജനം സുഗമമാക്കാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഫൈബർ കഴിക്കുന്നത് വർധിപ്പിക്കുന്നത് മലബന്ധപ്രശ്നം ലഘൂകരിക്കുകയും ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശരീര ഭാരം നിയന്ത്രിക്കാം

സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്ക് മാറുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ സഹായിക്കുമെന്ന് സിങ്‌വാൾ പറഞ്ഞു. ”നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളെ അപേക്ഷിച്ച് വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് കലോറി കുറവാണ്. ഇത് സംതൃപ്തി വർധിപ്പിക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.”

വീക്കം കുറയ്ക്കുന്നു

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സംസ്കരിച്ച മാംസങ്ങൾ ശരീരത്തിലെ വീക്കം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് സിങ്‌വാൾ പറഞ്ഞു. ഈ ഭക്ഷണങ്ങളുടെ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ, വിവിധ വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയുന്നത് നിങ്ങൾക്ക് അനുഭവപ്പെടാം.

കൊളസ്ട്രോൾ കുറയ്ക്കാം

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ പ്രധാന ഉറവിടമാണെന്ന് പാഷ പറഞ്ഞു. അവയുടെ ഉപഭോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഊർജനില വർധിപ്പിക്കും

സസ്യാധിഷ്ഠിത ഭക്ഷണക്രമം വിറ്റാമിനുകൾ, ധാതുക്കൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് എന്നിവനൽകുന്നു. ദിവസം മുഴുവൻ ഊർജ നില വർധിപ്പിക്കാൻ സഹായിക്കുമെന്ന് പാഷ പറഞ്ഞു.

നോൺ വെജിറ്റേറിയൻ ഭക്ഷണം, പ്രത്യേകിച്ച് സംസ്കരിച്ചതും റെഡ് മീറ്റും, കാൻസർ ഉൾപ്പെടെയുള്ള ചില രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സിങ്‌വാൾ പറഞ്ഞു. ബീഫ്, പന്നിയിറച്ചി, ആട്ടിൻകുട്ടി തുടങ്ങിയ റെഡ് മീറ്റ് വൻകുടൽ, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് കാൻസറുകളുടെ അപകടസാധ്യത വർധിപ്പിക്കുന്നു.

എല്ലാ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും അപകടകരമല്ല. ചില മാംസങ്ങളും മത്സ്യവും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാം. എങ്കിലും, സസ്യാധിഷ്ഠിത ഭക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് സംസ്കരിച്ചതും റെഡ് മീറ്റും കഴിക്കുന്നത് കുറച്ചാൽ അവയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ കുറയ്ക്കാം.

Vartha Malayalam News - local news, national news and international news.