ഭൂമിയുടെ അകക്കാമ്പിൽ പുതിയൊരു പാളി; ശാസ്ത്രലോകത്തിനു അത്ഭുതം

ഇതുവരെയുള്ള വിവരം അനുസരിച്ച് ഭൂമിയെ ഭൂവൽക്കം ,മാന്റിൽ , പുറക്കാമ്പ് , അകക്കാമ്പ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ നാലാമത്തെ പാളിയായ അകക്കാമ്പിനുള്ളിൽ പുതിയായൊരു ഭാഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഭൗമ ശാസ്ത്രജ്ഞയായ ജോവാൻ സ്റ്റെഫാൻസസും സംഘവുമാണ് കണ്ടെത്തലിന് പിന്നിൽ. ജിയോ ഫിസിക്കൽ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാം ജീവിച്ചിരിക്കുന്ന ഭൂവൽക്കം എന്ന ആദ്യ പാളി ഏതാണ്ട് 40 കിലോമീറ്റർ വരെ ആഴത്തിലാണ് ഉള്ളത്. അതിലും താഴെയുള്ള ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനവും വരുന്നത് മാന്റിൽ ആണ്. ഇതിന് 2,900 കിലോമീറ്ററാണ് കനം. അതിനും താഴെയാണ് 2,900 കിലോമീറ്റർ മുതൽ 5,150 കിലോമീറ്റർ വരെ പുറംക്കാമ്പും, അകക്കാമ്പും.

5,000 ഡിഗ്രി സെൽഷ്യസാണ് ഭൂമിയുടെ അകക്കാമ്പ് ഭാഗത്തെ ഊഷ്മാവ്. ഭൂമിയുടെ വലുപ്പത്തിൽ ഒരു ശതമാനം മാത്രമേ ഈ ഭാഗം വരുകയുള്ളൂ. ഈ അകക്കാമ്പിന് ഇപ്പോൾ രണ്ട് ഭാഗങ്ങളുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ അകക്കാമ്പിലൂടെ ഭൂകമ്പ തരംഗങ്ങൾ സഞ്ചരിക്കുന്നതിന്റെ ആയിരക്കണക്കിന് രേഖകളാണ് ഇവർ പഠന വിധേയമാക്കിയത്. ഇന്റർനാഷണൽ സീസ്മോളജിക്കൽ സെന്ററിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്.

ഭൂമിയുടെ അകക്കാമ്പിലൂടെ വ്യത്യസ്തമായ അളവിൽ തരംഗങ്ങൾ വലയുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അകക്കാമ്പിലെ ഇരുമ്പിന്റെ ഘടനയിലുള്ള വ്യതാസമാണ് ഈ ഭൂകമ്പ തരംഗങ്ങളുടെ വ്യതിചലനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വ്യത്യസ്ത കൂളിങ് ഇവന്റസ്‌ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് ഇതിൽ നിന്നും ഗവേഷകർ അനുമാനിക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിനെക്കുറിച്ചുള്ള പല പഠനങ്ങളിലും സ്ഥിരതയില്ലാത്ത ഫലങ്ങൾ ഇതിനു മുൻപും ലഭിച്ചതിന് പിന്നിൽ ഇതാകാം കാരണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.

Vartha Malayalam News - local news, national news and international news.