ഐപിഎല്ലില്‍ വീണ്ടും കൊവിഡ് 19 ഭീഷണി, ഒരു ടീം മുഴുവനായും ക്വാറന്റൈനില്‍

ഐപിഎല്‍ 15-ാം സീസണ്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ടൂര്‍ണമെന്റിന് ആശങ്കയായി കൊവിഡ് 19 ഭീഷണി. ഡല്‍ഹി കാപ്പിറ്റല്‍സ് കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ടീം അംഗങ്ങളെല്ലാം ക്വാറന്റൈനിലാണ്. കഴിഞ്ഞദിവസം ടീം ഫിസിയോ പാട്രിക് ഫര്‍ഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കളിക്കാര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഒരു കളിക്കാരനും രോഗമുണ്ടെന്ന് കണ്ടെത്തിയത്.

കൊവിഡിനെ തുടര്‍ന്ന് 2020 സീസണിലെ ഐപിഎല്‍ മുഴുവനായും 2021 സീസണ്‍ പാതിയും ഇന്ത്യയ്ക്ക് പുറത്താണ് സംഘടിപ്പിച്ചിരുന്നത്. ഇത്തവണ രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിഞ്ഞതിനെ തുടര്‍ന്ന് കാണികളെ പ്രവേശിപ്പിച്ച് ടൂര്‍ണമെന്റ് വിജയകരമായി മുന്നേറുന്നതിനിടെയാണ് വീണ്ടും ആശങ്ക ഉയരുന്നത്. കൊവിഡ് രൂക്ഷമായാല്‍ ടൂര്‍ണമെന്റ് വീണ്ടും പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നേക്കാം.

കൊവിഡ് ഭീഷണി അകറ്റാനായി മഹാരാഷ്ട്രയില്‍ മാത്രമാണ് ഇക്കുറി ടൂര്‍ണമെന്റിന്റെ ഭൂരിഭാഗം കളികളും നിശ്ചയിച്ചിരിക്കുന്നത്. കളിക്കാര്‍ക്ക് കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളുമുണ്ട്. ബയോബബിള്‍ തെറ്റിക്കുന്ന കളിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. കളിക്കാരന് കൊവിഡ് ബാധിച്ചതോടെ സംഘാടകര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത.

ഡല്‍ഹി കാപ്പിറ്റല്‍സ് കളിക്കാര്‍ ക്വാറന്റൈനില്‍ ആയതോടെ ഈ ടീമിന്റെ വരും മത്സരങ്ങളുടെ ഫിക്‌സ്ചര്‍ സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ആന്റിജന്‍ ടെസ്റ്റിലാണ് കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഈ കളിക്കാരനെ ആര്‍ടിപിസിആര്‍ ടെസ്റ്റിനും വിധേയനാക്കും. ഇതിനുശേഷമായിരിക്കും നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക. ഡല്‍ഹിയുടെ മത്സരങ്ങളുടെ കാര്യത്തില്‍ ബിസിസിഐ ഉടന്‍ അറിയിപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ബാധിച്ച ഫിസിയോ കളിക്കാരുമായി നിരന്തരം ഇടപഴകുന്ന വ്യക്തിയാണ്. ഇദ്ദേഹത്തെ നേരത്തെ തന്നെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. കളിക്കാരെയെല്ലാം വ്യത്യസ്ത മുറികളിലേക്ക് മാറ്റി തുടര്‍ച്ചയായ കൊവിഡ് ടെസ്റ്റുകള്‍ നടത്തുകയാണ് ഇപ്പോള്‍ ടൂര്‍ണമെന്റ് സംഘാടകര്‍.

കൂടുതല്‍ ടീമുകള്‍ക്കും കളിക്കാര്‍ക്കും കൊവിഡ് ബാധിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനാണ് സാധ്യത. കാണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. ഡല്‍ഹിയിലാണ് നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണ വിധേയമാണ്. പുതിയൊരു തരംഗം ഉണ്ടാവുകയാണെങ്കില്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.

Vartha Malayalam News - local news, national news and international news.