ഐപിഎൽ 31ന്‌ തുടങ്ങും, ഇത്തവണ 10 ടീമുകൾ, 74 മത്സരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ്‌ (ഐപിഎൽ) ക്രിക്കറ്റ്‌ 16-ാംസീസൺ 31ന്‌ തുടങ്ങും. അഹമ്മദാബാദിൽ വെള്ളി രാത്രി 7.30ന്‌ നടക്കുന്ന ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസ്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. 12 വേദികളിലായി 10 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ 74 കളിയുണ്ട്‌. ഫൈനൽ മെയ്‌ 28ന്‌.

അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ്‌, നാലുതവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ്‌, രണ്ടുതവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, ആദ്യ ഐപിഎൽ നേടിയ രാജസ്ഥാൻ റോയൽസ്‌, നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസ്‌, 2016 ജേതാക്കൾ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ എന്നിവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസ്‌, പഞ്ചാബ്‌ കിങ്സ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ എന്നീ ടീമുകളാണുള്ളത്‌.

നാല്‌ വർഷത്തിനുശേഷം ‘ഹോം ആൻഡ്‌ എവേ’ രീതിയിലേക്ക്‌ മത്സരക്രമം തിരിച്ചുവരുന്നുവെന്നത്‌ സവിശേഷതയാണ്‌. ടീമുകളെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്‌. ഗ്രൂപ്പിലുള്ളവരുമായി ഒരുതവണയും എതിർഗ്രൂപ്പിലുള്ളവരുമായി രണ്ടുതവണയും മത്സരമുണ്ട്‌. ഒരു ടീമിന്‌ 14 കളി. കൂടുതൽ പോയിന്റ്‌ നേടുന്ന നാല്‌ ടീമുകൾ പ്ലേഓഫിലേക്ക്‌ മുന്നേറും. ആദ്യ രണ്ട്‌ സ്ഥാനക്കാർ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്തും. അതിൽ തോൽക്കുന്നവർക്ക്‌ ഒരു അവസരംകൂടിയുണ്ട്‌. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. അതിലെ വിജയിയും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും രണ്ടാം ക്വാളിഫയർ കളിച്ച്‌ ഫൈനലിലെത്തും. ഇക്കുറി ജേതാക്കൾക്ക്‌ 20 കോടി രൂപയാണ്‌ സമ്മാനത്തുക. റണ്ണറപ്പിന്‌ 13 കോടി.

Vartha Malayalam News - local news, national news and international news.