ISL : 'ഇരമ്പിയടിക്കട്ടെ മഞ്ഞക്കടല്‍', കലാശപ്പോരാട്ടത്തിന് ബ്ലാസ്‌റ്റേഴ്‌സ് തയ്യാര്‍, ഫൈനല്‍ പ്രിവ്യൂ

പനാജി: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഫൈനലിലേക്കെത്തിയത്. കൃത്യമായി പറഞ്ഞാല്‍ ആറ് വര്‍ഷത്തെ കാത്തിരിപ്പ്. എഴുതിത്തള്ളിയവരും പഴി പറഞ്ഞവരും വിമര്‍ശിച്ചവരും ഏറെയായിരുന്നെങ്കിലും അവര്‍ക്കെല്ലാം മുന്നിലൂടെ തല ഉയര്‍ത്തിത്തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കലാശപ്പോരിനിറങ്ങുന്നത്. കരുത്തരായ ഹൈദരാബാദ് എഫ്‌സി നിസാരക്കാരല്ല. എന്നാല്‍ 20ാം തീയ്യതി ഏകദേശം 9.20തോടുകൂടി ഫട്ടോര്‍ഡ സ്‌റ്റേഡിയത്തില്‍ ലോങ് വിസില്‍ മുഴങ്ങുമ്പോള്‍ സ്‌റ്റേഡിയം മഞ്ഞക്കടലായ് ആര്‍ത്തിരമ്പുമെന്ന് തന്നെ പ്രതീക്ഷിക്കാം. വൈകീട്ട് 7.30ന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.

ഇത്തവണ തുടക്കം മുതല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഉണ്ടായിരുന്നത്. ഒട്ടുമിക്ക സീസണുകളിലും ഗോളടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളുടെ അഭാവമാണ് ബ്ലാസ്റ്റേഴ്‌സിനെ വേട്ടയാടിയത്. എന്നാല്‍ ഇത്തവണ ജോര്‍ജ് ഡിയാസും അല്‍വാരോ വാസ്‌കസും (8 ഗോള്‍), സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ (6 ഗോള്‍) എന്നിവരെല്ലാം പരിശീലകന്റെ മനസിനൊപ്പം പന്ത് തട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനലിലേക്കുള്ള വഴി അല്‍പ്പം എളുപ്പമായി. ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്ന് 9 ജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 34 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമി സീറ്റുറപ്പിച്ചത്. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയായിരുന്നു സെമിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ആദ്യ പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ 1-0ന് തകര്‍ത്തപ്പോള്‍ രണ്ടാം പാദം 1-1 സമനില നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്കെത്തിയത്.

ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാവും. മുന്നേറ്റ നിര താരം ജോര്‍ജ് ഡിയാസ്, അല്‍വാരോ വാസ്‌ക്കസ്, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നവരാണ്. ഗോള്‍കീപ്പറായി പ്രഭ്‌സുഖാന്‍ ഗില്‍ തന്നെയാവും ടീമിലുണ്ടാവുകയെന്നുറപ്പ്. പ്രതിരോധത്തില്‍ 21കാരന്‍ റുയ്വ ഫോര്‍മിപാമിലും ബ്ലാസ്റ്റേഴ്‌സ് വിശ്വാസം അര്‍പ്പിക്കുന്നു. 4-4-2 ഫോര്‍മേഷനിലാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങാന്‍ സാധ്യത.

ഹൈദരാബാദ് നിസാരക്കാരല്ല

ഹൈദരാബാദിനെ നിസാരരായി കാണാനാവില്ല. ബര്‍ത്തലോമു ഓഗ്ബച്ചോവയെയാണ് ഹൈദരാബാദ് വജ്രായുധമായി കാണുന്നത്. 18 ഗോളുകള്‍ ഇതിനോടകം പോസ്റ്റിലെത്തിക്കാന്‍ ഓഗ്‌ബെച്ചോവിന് സാധിച്ചിട്ടുണ്ട്. താരത്തെ പിടിച്ചുകെട്ടുകയാവും ഫൈനലിലെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലെ വലിയ വെല്ലുവിളി. ഏഴ് ഗോള്‍ നേടിയ ജാവിയര്‍ ടോറോ, അഞ്ച് ഗോള്‍ നേടിയ ജോ വിക്ടര്‍ എന്നിവരെല്ലാം ഹൈദരാബാദിന്റെ കരുതിയിരിക്കേണ്ട താരങ്ങളാണ്. രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ഹൈദരാബാദ് സെമിയില്‍ ഇരു പാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് ഫൈനലിലേക്കെത്തിയത്. 4-2-3-1 ഫോര്‍മേഷന്‍ ടീം പിന്തുടരാനാണ് സാധ്യത.

വുക്കോമാനോവിച്ചും പിള്ളേരും ഡബിള്‍ സ്‌ട്രോങ്

പരിശീലകരെ മാറി മാറി പരീക്ഷിച്ചിട്ടും നന്നാവാതിരുന്ന ബ്ലാസ്റ്റേഴ്‌സ് എന്ന കൊമ്പനെ മെരുക്കിയത് ഇവാന്‍ വുക്കോമാനോവിച്ചെന്ന പരിശീലകനാണ്. ടീമിന്റെ ദൗര്‍ബല്യവും കരുത്തും തിരിച്ചറിഞ്ഞ കൃത്യമായി താരങ്ങളെ ഉപയോഗിക്കാന്‍ വുക്കോമാനോവിച്ചിന് സാധിച്ചു. വാകൊണ്ട് വിടുവായത്തം വിളമ്പുന്ന പരിശീലക രീതിയല്ല വുക്കോമാനോവിച്ചിന്റേത്. കളത്തിനകത്ത് അദ്ദേഹം തന്റെയും ടീമിന്റെയും കരുത്ത് വ്യക്തമാക്കുന്നത്. സെമിക്ക് മുമ്പ് ജംഷഡ്പൂര്‍ പരിശീലകന്‍ ഓവല്‍ കോയലിന്റെ വെല്ലുവിളികള്‍ക്ക് പുഞ്ചിരികൊണ്ട് മറുപടികൊടുത്ത വുക്കോമാനോവിച്ച് ഫൈനല്‍ ടിക്കറ്റെടുത്താണ് തന്റെ പ്രതികരണം അറിയിച്ചത്. ഫൈനലിലും വുക്കോമാനോവിച്ചിന്റെ തന്ത്രങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.

സാധ്യതാ 11

കേരള ബ്ലാസ്റ്റേഴ്‌സ്-പ്രഭ്‌സുഖാന്‍ ഗില്‍ ( ഗോളി), സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌ക്കോവിച്ച്, ഹര്‍മന്‍ജോത് ഖാബ്ര, ആയുഷ് അധികാരി, ലാല്‍തതങ്ക, സഹല്‍, അഡ്രിയാന്‍ ലൂണ, ജോസ് പെരെയ്‌റ ഡിയാസ്, അല്‍വാരോ വാസ്‌കസ് ഹൈദരാബാദ്-ലക്ഷ്മികാന്ത് കട്ടമണി (ഗോളി), ആകാശ് മിശ്ര, ചിഗ്ലീസന സിങ്, ജുവനാന്‍, നിം ഡോര്‍ജി, ജാവോ വിക്ടര്‍, സൗവിക് ചക്രവര്‍ത്തി, യാസിര്‍ മുഹമ്മദ്, ബര്‍ത്തലോമു ഓഗ് ബെച്ചെ, അങ്കിത് ജാദവ്, ജാവിയര്‍ ടോറോ.

Vartha Malayalam News - local news, national news and international news.