ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് വന്നതിന് പിന്നാലെ തേക്കടി അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രവും ഇരവികുളം ദേശീയോദ്യാനവും തുറന്നതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, വാഗമണ്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് തുടങ്ങി ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളെല്ലാം ഇന്നലെ മുതല്‍ കൂടുതല്‍ സജീവമായി. ജില്ലയിലാകെ ഡി.ടി.പിസിയുടെ കീഴില്‍ 12 ടൂറിസം കേന്ദ്രങ്ങളാണുള്ളത്. ഇവയെല്ലാം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച്‌ കഴിഞ്ഞു. മാട്ടുപ്പെട്ടിയും കുണ്ടളയും ആനയിറങ്കലും ഉള്‍പ്പെടെയുള്ള ജില്ലയിലെ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികള്‍ എത്തുന്നുണ്ട്.

സ്‌പൈസസ് പാര്‍ക്കുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നേരിയ ഉണര്‍വ് വ്യക്തമാണ്. കഴിഞ്ഞ മൂന്ന് മാസമായി പുറത്ത് പോലും ഇറങ്ങാനാകാതെ വീടുകളില്‍ തളയ്ക്കപ്പെട്ട സ്ത്രീകളടക്കമുള്ളവര്‍ക്കും ഇളവ് വലിയ ആശ്വാസമാവുകയാണ്. ഓണത്തിന്റെ അവധികൂടി എത്തുന്നതോടെ തിരക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരങ്ങള്‍. ടൂറിസം മേഖലകളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയതും ആശ്വാസമായി. പക്ഷേ, സഞ്ചാരികള്‍ക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല.

⭕️ഇന്നലെ ഇരവികുളത്തെത്തിയത്- 301 പേര്‍

⭕️ ഇന്നലെ തേക്കടിയിലെത്തിയത്- 88 പേര്‍

കൂടുതല്‍ സുന്ദരിയായി മൂന്നാര്‍

വരയാടുകളും വെള്ളച്ചാട്ടവുമെല്ലാമായി മൂന്നാര്‍ മുമ്ബത്തേക്കാള്‍ സുന്ദരിയായി മാറി മഴ കുറഞ്ഞ് ഇപ്പോള്‍ മഞ്ഞിന് വഴിമാറി. രണ്ട് പ്രളയവും പിന്നാലെ എത്തിയ കൊവിഡുമടക്കം നാല് സീണണുകളാണ് മൂന്നാറിന് നഷ്ടമാക്കിയത്. ദിനം പ്രതി 35 കോടി രൂപയുടെ വരുമാന നഷ്ടം മൂന്നാറിന് മാത്രമുണ്ടെന്ന് വിനോദ സഞ്ചാരമേഖലയിലുള്ളവര്‍ പറയുന്നു. എങ്കിലും ഓണത്തിന് മുമ്ബ് വിനോദ സഞ്ചാരമേഖല തുറക്കുന്നത് പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. ചെറുതും വലുതുമായി 700 ലേറെ റിസോര്‍ട്ടുകള്‍ മൂന്നാറിലും പരിസരങ്ങളിലുമുണ്ട്. 17,000 ത്തിലധികം പേരാണ് മൂന്നാറിനെ ചുറ്റിപ്പറ്റി തൊഴില്‍ ചെയ്ത് ജീവിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളെയാണ് മൂന്നാറിലേക്ക് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അത്തരക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസിച്ച്‌ ജോലിയും വെക്കേഷനും ആസ്വദിക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.