റാന്നി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയില്‍ വേട്ടയാടണമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് കർഷകരോട് ആവശ്യപ്പെട്ടു. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞള്‍ വിത്ത് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തീരാജ് ചട്ട പ്രകാരവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സവിശേഷ അധികാര പ്രകാരം ചീഫ് വൈല്‍ഡ് വാർഡൻ അധികാര പദവിവെച്ചാണ് വ്യവസ്ഥാപിത മാർഗത്തിലൂടെ കാട്ടുപന്നികളെ കൊന്നൊടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത്. പന്നികളെ വേട്ടയാടാൻ സ്വന്തമായി തോക്ക് ഇല്ലാത്ത കർഷകന് അവന് അറിയാവുന്ന മാർഗം സ്വീകരിച്ച് പന്നികളെ വേട്ടയാടാമെന്നും വേട്ടയാടിയാല്‍ ഗ്രാമപഞ്ചായത്തിനെ അറിയിക്കണമെന്നും വേട്ടയാടുന്ന കർഷകന് 1000 രൂപയും കുഴിച്ചിടുന്ന ആള്‍ക്ക് 500 രൂപയും നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മുൻകൂർ അനുമതി നല്കാൻ വെള്ള പേപ്പറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ നല്‍കണമെന്നും അപേക്ഷ നല്‍കുന്നവർക്ക് ഉടൻ വേട്ടയാടാനുള്ള ഉത്തരവ് നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്ക് ലൈസൻസുള്ള എട്ടുപേർക്ക് കർഷകരുടെ കൃഷി ഭൂമിയില്‍ പ്രവേശിപ്പിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തില്‍ ആർക്കും തോക്ക് സ്വന്തമായില്ല. അതിനാല്‍ പഞ്ചായത്തിന് വെളിയില്‍ ഉള്ളവർക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരംസമതി അധ്യക്ഷരായ ഇ.വി. വർക്കി, രമദേവി, അംഗങ്ങളായ രാജി വിജയകുമാർ, ജിനു മനയത്തുമാലി, എലിസബ് തോമസ്, ജോയി ജോസഫ്, നഹാസ്, രാജൻ, പ്രസന്നകുമാരി, കൃഷി ഓഫിസർ നീമ തുടങ്ങിയവർ സംസാരിച്ചു.