ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു ; പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മാംസം, മുട്ട വില്‍പ്പന നിരോധിക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ വള‍ർത്തു പക്ഷികളെ കൊന്നൊടുക്കും. വളർത്ത് പക്ഷികളെ വെളളിയാഴ്ച കൊന്നൊടുക്കാനാണ് (കളളിങ്) തീരുമാനം.

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടർ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്ത് പക്ഷികളെ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കളളിങ് നടത്താൻ തീരുമാനിച്ചത്.

പക്ഷിപ്പനി റിപോർട്ട് ചെയ്ത സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന എടത്വാ, ചെറുതന പഞ്ചായത്ത് പരിധിയില്‍ താറാവ്, അവയുടെ മാംസം, മുട്ട , കാഷ്ഠം തുടങ്ങിയവയുടെ വിപണനം നിർത്തിവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്,

ബുധനാഴ്ചയാണ് ജില്ലയിലെ എടത്വാ, ചെറുതന പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വാ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർ‍ഡില്‍ വിളക്കുമരം പാടശേഖരത്തിലും ചെറുതന ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് വളർത്തു താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വയിലെ കൊടുപ്പുന്ന ഭാഗത്താണ് പക്ഷിപ്പനി ആദ്യം കണ്ടെത്തുന്നത്.

സാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിന്ന് താറാവുകളെ ബാധിച്ചിരിക്കുന്നത് ഏവിയൻ ഇൻഫ്ളുവൻസാ അഥവാ എച്ച്‌5എന്‍1 ആണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ആരോഗ്യ വിദഗ്ധരുടെയും ജില്ലാ ഭരണകൂടത്തിൻെറയും അറിയിപ്പ്.

Vartha Malayalam News - local news, national news and international news.