ഇറാന്‍ പരമോന്നത നേതാവ് ഖാംനഈ കൊല്ലപ്പെട്ടു

തെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു.

അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.

1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രാഈലും നടത്തിയ ശക്തമായ ബോംബാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഏകദേശം 30-ഓളം ബോംബുകള്‍ ഈ സമുച്ചയത്തിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഖാംനഈ 'രക്തസാക്ഷിത്വം' വരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം 'ലോകത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്ന് അവസാനിച്ചു' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടതിനെ സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിരുന്നു.

Vartha Malayalam News - local news, national news and international news.