കെഎസ്ഇബിയ്ക്ക് അപ്രതീക്ഷിത ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ്

കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസവുമായി മധ്യപ്രദേശ്. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുന്നത്. ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കിയത്.

5 വർഷത്തേക്ക് 500 മെഗാവാട്ടിന് ഇടക്കാല ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ വൈദ്യുതി കമ്പനികൾ നൽകാമെന്ന് ഏറ്റത് 403 മെഗാവാട്ട് വൈദ്യുതിയാണ്. അതും ഉയർന്ന നിരക്കിൽ. അടുത്ത വർഷം തിരിച്ചു നൽകാമെന്ന സ്വാപ്പ് വ്യവസ്ഥയിൽ 2024 മെയ് വരെ പ്രതിമാസം 500 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ട് ക്ഷണിച്ച ടെൻഡറും ഫലം കണ്ടില്ല. 

വൈദ്യുതി നൽകാൻ കമ്പനികൾ താത്പര്യം അറിയിച്ചത് നവംബറിലും മാർച്ചിലും മാത്രം. പക്ഷേ ആവശ്യപ്പെട്ടതിലും വളരെ കുറവ് വൈദ്യുതിയേ കിട്ടൂ.

ഒക്ടോബർ മുതൽ അടുത്ത മെയ് വരെ ഓരോ മാസവും 200 മെഗാവാട്ടോളം വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. വൈദ്യുതി നിരക്ക് വർദ്ധനയെ കുറിച്ചും അലോചന ഉണ്ടായിരുന്നു. എന്നാല്‍ നിരക്ക് വർദ്ധനവ് ഉടന്‍ ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Vartha Malayalam News - local news, national news and international news.