പാലക്കാട് ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നത് 32 ലേറെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങള്‍.
നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. രേഖകളൊന്നും കൂടാതെ ഉടനടി പണം കിട്ടുമെന്നതാണ് സാധാരണക്കാരായ ഇടപാടുകാരെ ആകര്‍ഷിക്കുന്നത്. ആഴ്ച തോറുമുള്ള വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമാണ് ഇവര്‍ പണം പിടിച്ചു വാങ്ങുന്നത്.
ചിറ്റൂരിലെ ഒരു പണമിടപാടു സ്ഥാപനത്തിലേക്കാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തിയത്. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഉള്‍പ്രദേശത്ത് അധികമാരുടെയും ശ്രദ്ധ പതിയാത്ത ഇടത്ത്. മിക്കയിടത്തും ഒരു ബോര്‍ഡ് പോലും ഇല്ല. സ്ഥാപനത്തിന് പുറത്തും അകത്തുമായി വായ്പ എടുക്കാൻ കാത്തിരിക്കുന്നത് നിരവധി സ്ത്രീകളാണ്. ഭാര്യയുടെ പേരില്‍ ഒരു വായ്പ വേണം എന്നാവശ്യപ്പെട്ടെത്തിയ ഒരാള്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സംഘവും അകത്ത് കടന്നു. പണം നല്‍കാൻ ഉപാധികളുണ്ട്. 5 സ്ത്രീകളെങ്കിലും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് ഉണ്ടെങ്കില്‍ വായ്പ കിട്ടും. വോട്ടേഴ്സ് ഐഡിയോ ആധാര്‍ കാര്‍ഡോ മാത്രം മതി. വായ്പ തരുമ്ബോള്‍ ഇടപാടുകാര്‍ യാതൊരു രേഖയിലും ഒപ്പിടേണ്ട. ഇടപാടുകാരുടെ വരുമാനം എത്രയെന്ന് പോലും അറിയേണ്ട. കാര്യം എളുപ്പം സാധിക്കും. പക്ഷെ പിന്നീട് പൊറുതി മുട്ടിക്കും, ഇതാണ് ഇത്തരം വായ്പാ സ്ഥാപനങ്ങളുടെ രീതി.
ഏറ്റവും ചെറിയ വായ്പകളിലൊന്നായ 34000 രൂപ വായ്പ എടുക്കുമ്ബോള്‍ കയ്യില്‍ കിട്ടുക 30,000 രൂപ മാത്രമാണ്. മുൻകൂര്‍ പലിശ എന്ന പേരില്‍ 4000 രൂപ അപ്പോള്‍ തന്നെ പിടിക്കും. ആഴ്ച്ച തോറും അടക്കേണ്ടത് ഏകദേശം 650 രൂപ. 34000 രൂപ വായ്പപയെടുത്ത ഒരാള്‍ ഒന്നരക്കൊല്ലം കൊണ്ട് തിരിച്ചടക്കേണ്ടത് 50800 രൂപ. തുകയുടെ വലിപ്പമനുസരിച്ച് തിരിച്ചടവും കൂടും.
പരമാവധി 18% വരെ മാത്രമെ പലിശ ഈടാക്കാവൂവെന്നതും ഇടപാടുകാരുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങരുത്, രാത്രി പണം പിരിക്കാൻ ചെല്ലരുത് തുടങ്ങിയ വ്യവസ്ഥയുമൊന്നും ഇവര്‍ക്ക് ബാധകമല്ല.