സെമിത്തേരി തകർന്ന് ശവപ്പെട്ടി റോഡിൽ വീണു, സംഭവം പത്തനംതിട്ടയിൽ

മല്ലപ്പള്ളി : കനത്ത മഴയിൽ പുറമറ്റം കവുങ്ങുംപ്രയാർ മാർത്തോമാ പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്നു. കല്ലറയിൽ നേരത്തേ സംസ്കരിച്ചിരുന്ന മൃതദേഹം അടങ്ങുന്ന പെട്ടി, കല്ലൻമേപ്പുറത്ത് കോളനി റോഡിലേക്ക് വീണു. പിന്നീട് ശവപ്പെട്ടി മറ്റൊരിടത്തേക്ക് മാറ്റി.

മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായ കനത്ത മഴയിലാണ് സംരക്ഷണഭിത്തി തകർന്നതെന്നും പുനർനിർമ്മിക്കാൻ നടപടി എടുക്കുമെന്നും വികാരി ഫാ.മാത്യൂസ് എ.മാത്യു പറഞ്ഞു.


അതേസമയം, ഇടുക്കി ജില്ലയിൽ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി ഏഴു മുതൽ രാവിലെ ആറു മണി വരെയാണ് നിരോധനം. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുംവരെയാണ് രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ട്രക്കിങ്ങ്, ഓഫ് റോഡ് യാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Vartha Malayalam News - local news, national news and international news.