മലയാളികൾ ഒന്നാകെ ഞെട്ടിയ വാര്‍ത്തയാണ് ഇന്നത്തെ എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്.

മലയാളികൾ ഒന്നാകെ ഞെട്ടിയ വാര്‍ത്തയാണ് ഇന്നത്തെ എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്.മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലെ പ്രധാന വാര്‍ത്ത രാജ്യത്ത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി വഴിയാണ് എല്ലാ ഇടപാടും എന്നതായിരുന്നു. നോട്ടു നിരോധനത്തേക്കാള്‍ വലിയ വാര്‍ത്ത വായിച്ച്‌ പലരും ഞെട്ടി. 'നോട്ടേ വിട: ഇനി ഡിജിറ്റല്‍ കറന്‍സി' എന്ന പ്രധാന തലക്കെട്ടും 'മാറ്റത്തിന്റെ കാറ്റില്‍പറന്ന് പേപ്പര്‍ കറന്‍സി' എന്ന സബ് ഹെഡ്ഡിഗും സഹിതമായിരുന്നു വാര്‍ത്ത.

രാജ്യത്ത് പേപ്പര്‍ കറന്‍സി നിരോധിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചെന്നും വാർത്തയിൽ പറഞ്ഞതോടെ ആളുകൾ ഉറപ്പിച്ചു . പിന്നീട് മറ്റു വാര്‍ത്തകളിലേക്കും കണ്ണോടിച്ചതോടെയാണ് സംഗതി മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മനസിലായത്.ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യമായിരുന്നു ഇത്. കൊച്ചി ഡീംഡ് യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന 'ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളാണ് മാര്‍ക്കറ്റിംഗ് ഫീച്ചറായി നില്‍കിത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കും എന്നതാണ് ഭാവനയാണ് മാര്‍ക്കറ്റിംഗ് ഫീച്ചറില്‍ ഉള്‍കൊള്ളിച്ചത്. പത്രങ്ങളുടെ മുന്‍പേജില്‍ തന്നെ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ഒറ്റയടിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

പരസ്യമാണെന്ന് മനസ്സിലാക്കിയതോടെ പത്ര ഓഫീസുകളിലേക്ക് വായനക്കാരുടെ വിളികള്‍ തുടരുകയാണ്. ആളുകളെ കബളിപ്പിക്കുന്ന വിധത്തിലാണ് പരസ്യം നല്‍കിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. അതിനിടെ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ വായിച്ച്‌ തെറ്റിദ്ധരിച്ചവരുടെ കൂട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലും ഉണ്ടായിരുന്നു എന്നതാണ് രസകരം.മോണിംഗ് ഷോക്കിടെ പത്രഅവലോകന സെക്ഷനില്‍ ഡോ. അരുണ്‍കുമാർ കറന്‍സി നോട്ടുകള്‍ എല്ലാം നിരോധിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി മാത്രമാണെന്ന വാര്‍ത്ത സത്യമാണെന്ന് വായിച്ചു അതേപടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നല്‍കി. താന്‍ വായിക്കുന്നത് അബദ്ധമാണെന്ന് അരുണ്‍കുമാര്‍ തിരിച്ചറിഞ്ഞതുമില്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേര് തെറ്റായാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. എന്നിട്ടും അരുണ്‍കുമാര്‍ ഇതിലെ വസ്തുത തിരിച്ചറിഞ്ഞില്ല. പിന്നീട് അബദ്ധം പറ്റിയത് അരുണ്‍കുമാര്‍ തിരിച്ചറിഞ്ഞത്.

ബുദ്ധിജീവിയായ അരുണ്കുമാറിന് പോലും മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് തിരിച്ചറിഞ്ഞില്ല. സാധാരണക്കാരില്‍ പലരും വാര്‍ത്ത വായിച്ചു ഞെട്ടി. അതിനിടെ മാതൃഭൂമി പത്രം സ്വന്തം ഫോണ്ടിലും ലേ ഔട്ടിലുമാണ് മാര്‍ക്കറ്റിംഗ് ഫീച്ചര്‍ അടിച്ചത്. അതുകൊണ്ടാണ് വാര്‍ത്ത ശരിയാണെന്ന് പലരും ധരിച്ചത്. എന്നാല്‍, പത്രത്തില്‍ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്നും കൂടാതെ മുന്നറിയിപ്പും നല്‍കിയിരുന്നു. 2050 ജനുവരി 24 എന്ന ഡേറ്റ്‌ലൈന്‍ തന്നെ മലയാള മനോരമ പത്രത്തിലെ ഒന്നാം പേജിന് നല്‍കിയിട്ടുണ്ട്.പലരെയും ആശങ്കപ്പെടുത്തിയത് കറന്‍സി നിരോധ വാര്‍ത്തയായിരുന്നു. പലരും വാര്‍ത്ത ആധികാരികമാണെന്് തെറ്റിദ്ധരിച്ചു വാട്‌സ് ഗ്രൂപ്പുകളിലൂടെ വസ്തുതാ പരിശോധനയും നടത്തി. വാര്‍ത്ത വായിച്ചവര്‍ ഇനി എന്തുചെയ്യുമെന്ന് ആശങ്കപ്പെട്ട് ചായക്കടകളില്‍ പോലുമിരുന്ന ചര്‍ച്ച ചെയ്യുന്ന അവസ്ഥയുണ്ടായി. അത്രക്കുണ്ടായിരുന്നു ഒന്നാം പേജ് മാര്‍ക്കറ്റിംഗ് ഫീച്ചറിന്റെ ഇംപാക്‌ട്.

എന്നാല്‍, ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സൈബറിടത്തില്‍ ഉയര്‍ന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ നടപടി വേണമെന്ന് പോലും ചിലര്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കിയാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ജനയുഗം, ദീപിക, മംഗളം, മലയാള മനോരമ, മാതൃഭൂമി, മാധ്യമം, വീക്ഷണം, ചന്ദ്രിക, സുപ്രഭാതം, ജന്‍മഭൂമിയിലും മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എത്തി.റോബോ മന്ത്രിയെ കുറിച്ചും ആഴക്കടല്‍ ടൂറിസത്തെ കുറിച്ചുമെല്ലാം ഒന്നാം പേജില്‍ വാര്‍ത്തകളുണ്ട്. സാങ്കല്‍പ്പികമായ ഈ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ ഒന്നാം പേജ് വലിയ ഹിറ്റാണ്. അതേസമയം മാര്‍ക്കറ്റിംഗ് എന്ന നിലയില്‍ ഗംഭീരമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉണ്ടായത്. പത്രങ്ങളിലെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കലായി ഈ വാര്‍ത്തകള്‍ മാറി. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഭാവിയില്‍ ഇത്തരം വാര്‍ത്തകള്‍ വഴിമരുന്നിടുമോ എന്ന ആശങ്കയും ശക്തമാണ്. ചുരുക്കത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം ഹിറ്റായെങ്കിലും ആളുകള്‍ക്കിടയില്‍ വന്ന ആശങ്ക പരിഹരിക്കേണ്ട ബാധ്യത മാധ്യമങ്ങളില്‍ നിക്ഷിപ്തമായി മാറിയിരിക്കയാണ്.

Vartha Malayalam News - local news, national news and international news.