റോഡില്‍ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്.

റോഡില്‍ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്. പുതിയിടത്തുപറമ്പ് - ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസിലെ ജീവനക്കാരായ ഡ്രൈവര്‍ രാമചന്ദ്രന്‍, കണ്ടക്ടര്‍ നവാസ് എന്നിവരെയാണ് അഭിനന്ദിച്ചത്.

സമയോചിതമായ ബസ്സ് ജീവനക്കാരുടെ ഇടപെടൽ മറ്റ് അപകടങ്ങള്‍ ഒന്നും കൂടാതെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ശ്രീരാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. 'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക' എന്നത് തന്നെയാണ് ഡ്രൈവിങ്ങില്‍ ഉടനീളം പാലിക്കേണ്ട മനോഭാവമെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.

കൊണ്ടോട്ടി പുളിക്കല്‍ റോഡില്‍ വലിയപറമ്പില്‍ രാവിലെ എട്ടരയോടെ ആണ് സംഭവം. നടുറോഡില്‍ മുട്ടില്‍ ഇഴയുന്ന ഒരു പിഞ്ചുകുഞ്ഞിനെ കണ്ട് ഡ്രൈവര്‍ രാമചന്ദ്രന്‍ ബസ് നിര്‍ത്തുകയായിരുന്നു. ബസില്‍നിന്ന് ഇറങ്ങിയ കണ്ടക്ടര്‍ നവാസ് കുഞ്ഞിനെ കൈയില്‍ എടുത്ത് വീട്ടില്‍ ഏല്‍പ്പിച്ചതോടെ വലിയ അപകടം ഒഴിവായി. ബസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്.

Vartha Malayalam News - local news, national news and international news.