കേരളം മാറുന്നു! യുഡിഎഫ് തരംഗത്തില്‍ മന്ത്രിപ്പടയ്ക്ക് കൂട്ടവീഴ്ച

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു.

പിണറായി വിജയൻ ഉള്‍പ്പെടെയുള്ള മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പിന്നിലായതാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ പോലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വ്യക്തമായ ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്.

പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോഴും അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുല്‍ റഷീദ് 1,090 വോട്ടുകള്‍ക്ക് മുന്നിലാണ്. ഇടതുകോട്ടയായ ധർമ്മടത്തെ ഈ പിന്നോക്കാവസ്ഥ എല്‍ഡിഎഫ് ക്യാമ്പുകളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പിണറായി വിജയന് പുറമെ ഭരണകക്ഷിയിലെ 13 മന്ത്രിമാരാണ് നിലവില്‍ പരാജയഭീതിയിലുള്ളത്. വി.എൻ. വാസവൻ, വി. ശിവൻകുട്ടി, വീണ ജോർജ്, റോഷി അഗസ്റ്റിൻ, പി. രാജീവ്, എം.ബി. രാജേഷ്, ആർ. ബിന്ദു, ഗണേഷ് കുമാർ, ഒ.ആർ. കേളു, അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവരാണ് പിന്നില്‍.

മന്ത്രിമാരില്‍ ബേപ്പൂർ മണ്ഡലത്തില്‍ മത്സരിക്കുന്ന പി.എ. മുഹമ്മദ് റിയാസ് മാത്രമാണ് നിലവില്‍ ലീഡ് നിലനിർത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരില്‍ മികച്ച ലീഡുമായി മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ നേരിട്ട ചെറിയ പിന്നോക്കാവസ്ഥ പരിഹരിച്ച്‌ അദ്ദേഹം നില മെച്ചപ്പെടുത്തി. യുഡിഎഫിന്റെ എല്ലാ പ്രമുഖ നേതാക്കളും വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍.

Vartha Malayalam News - local news, national news and international news.