അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് എഐസിസി നേതൃത്വം.
മെയ് 4ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന് പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സുപ്രധാന പ്രഖ്യാപനം
ഡല്‍ഹി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ജയ്‌റാം രമേഷ്, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ദീപ ദാസ് മുന്‍ഷി എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം
തന്നെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും കേരളത്തെ സമ്പൂര്‍ണമായി മാറ്റിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച വിഡി സതീശന്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ വലിയൊരു ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ പാര്‍ട്ടി അധ്യക്ഷനോടും രാഹുല്‍ ജിയോടും എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും, ടീം യുഡിഎഫായി നിന്ന ഞങ്ങളുടെ നേതാക്കന്മാരുമാണ്. ഞാന്‍ ഇവിടെ എത്തിയതിന് അവരോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്, വിഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറയുന്നു. പത്ത് വര്‍ഷം നീണ്ടുനിന്ന ഒരു ഭരണം അവസാനിപ്പിച്ച് 102 സീറ്റോട് കൂടിയാണ് അധികാരത്തിലെത്തിയത്. ആ ജനങ്ങളോട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്ത് തീര്‍ക്കും. കഠിനാധ്വാനം ചെയ്ത് പൂര്‍ണമായ അര്‍പ്പണ ബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍, കേരളത്തെ മാറ്റിയെടുക്കാന്‍ പുതിയ ഒരു കേരളത്തെ സൃഷ്ടിക്കാന്‍ ഒരു പുതുയുഗത്തിന് തുടക്കമിടാന്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ മെയ് 18 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ മുന്നണി തീരുമാനത്തിലെത്തും. ഗവര്‍ണറെ സത്യപ്രതിജ്ഞയെ സംബന്ധിച്ച് ഉടന്‍ വിവരമറിയിച്ചേക്കും.