ടെൽ അവീവ് :ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിനെ (പിടിഎസ്ഡി) തുടർന്ന് ആത്മഹത്യ ചെയ്തു .കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന ഹമാസ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട യുവതിയായിരുന്നു അവർ .തന്റെ 22-ാം പിറന്നാളിനാണ് ഷിറെല്‍ ഗൊലാൻ എന്ന യുവതി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച നോർത്തെസ്റ്റ് ഇസ്രയേലിൽ വച്ച് സ്വന്തം അപാർട്മെന്റിലാണ് ഷിറെല്‍ ജീവനൊടുക്കിയത്. നേരത്തെ രണ്ട് തവണ പിടിഎസ്ഡി ഗുരുതരമായതിനെ തുടർന്ന് ഷിറെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇസ്രയേല്‍ സർക്കാരിനേയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയുമാണ് മകളുടെ ആത്മഹത്യയില്‍ മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മാനസികാര്യോഗവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും സർക്കാർ രൂപീകരിച്ചിട്ടില്ലെന്നും ആ വിഷയത്തില്‍ മുഖം തിരിക്കുകയാണ് ചെയ്തതെന്നും മാതാപിതാക്കള്‍ പറയുന്നു .അവള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡറിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളില്‍നിന്ന് അവള്‍ എപ്പോഴും അകലം പാലിച്ചു. സർക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു. നോവ കമ്മ്യൂണിറ്റി അസോസിയേഷൻ മാത്രമാണ് അവളെ സഹായിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായമുണ്ടായിരുന്നെങ്കില്‍ അവള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു.' ഷിറെലിന്റെ സഹോദരൻ ഇയാല്‍ ഹീബ്രു മാധ്യമങ്ങളോട് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്യുന്നു.നോവ ഫെസ്റ്റിവലില്‍ പങ്കാളി ആദിക്കൊപ്പമാണ് ഷിറെല്‍ പങ്കെടുത്തത്. ആക്രമണത്തെ തുടർന്ന് ഭയന്നോടിയ ഇരുവരും കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. അന്ന് പതിനൊന്നോളം ആളുകള്‍ കാറില്‍ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ആ കാറില്‍ ഇരുവരും കയറിയില്ല. ആ 11 പേരേയും ഹമാസ് കൊലപ്പെടുത്തുകയോ ബന്ദികളാക്കുകയോ ചെയ്തു. റെമോ എല് ഹൊസെയ്ല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അന്ന് ഇരുവരേയും രക്ഷിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 1200 ആളുകളാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. ഇവരില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 63 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍. 34 പേർ കൊല്ലപ്പെട്ടെന്നും ശേഷിക്കുന്നവരെ കുറിച്ച് വിവരമില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു.
അതേസമയം ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. 44000-ത്തില്‍കൂടുതല്‍ ആളുകളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്.
ദുരന്തങ്ങളും അപകടങ്ങളും ആക്രമണങ്ങളും അതിജീവിച്ചവരില്‍ കാണപ്പെടുന്ന രോഗാവസ്ഥയാണ് പിടിഎസ്ഡി. എത്രത്തോളം തീവ്രമായ ട്രോമയാണോ അത്രത്തോളം പിടിഎസ്ഡി വരാനുള്ള സാധ്യതയും കൂടുതലാണ്. റീ എക്സ്പീരിയൻസിങ്, അവോയ്ഡൻസ്, ഹൈപ്പർ വിജിലൻസ് എന്നിവയാണ് പിടിഎസ്ഡിയുടെ ലക്ഷണങ്ങള്‍.