പ്രായഭേദമന്യേ വൃക്കരോഗങ്ങള്‍ വർധിച്ചു വരുന്ന കാലഘട്ടമാണിന്ന്. ജീവിതശൈലിയും ഭക്ഷണശീലങ്ങളും ഒരു പരിധിവരെ വൃക്കരോഗങ്ങള്‍ വർധിക്കുന്നതിനു കാരണമാണ്.
വൃക്കരോഗങ്ങള്‍ തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുള്ളതിനാല്‍ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം അത്യന്താപേക്ഷിതമാണ്.
ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്താക്കുക, ദ്രാവകസന്തുലിതാവസ്ഥ നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയ നിർണായക പ്രവർത്തനങ്ങള്‍ വൃക്കകളാണ് നിർവഹിക്കുന്നത്.
വൃക്കകളുടെ രോഗം മൂർദ്ധന്യാവസ്ഥയില്‍ ആകുന്നതിനു മുമ്പേ തിരിച്ചറിയാൻ സാധിച്ചാല്‍ വൃക്കകളുടെ സംരക്ഷണവും വേഗത്തിലാക്കാൻ സാധിക്കും. ചൂടുകാലത്ത് വൃക്കകള്‍ക്ക് കൂടുതല്‍ അധ്വാനം ആവശ്യമായ സമയം കൂടിയാണ്.
കനത്ത ചൂടില്‍ വെള്ളം കുറച്ച് കുടിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നത് നിർബന്ധമാണ്.
വൃക്കയുടെ ആരോഗ്യനില ലളിതവും ചെലവുകുറഞ്ഞതുമായ പരിശോധനകളിലൂടെ നേരത്തേ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക
രക്തത്തിലെ ക്രിയാറ്റിൻ പരിശോധനയും യൂറിൻ റൂട്ടീൻ പരിശോധനയും വൃക്കയുടെ പ്രവർത്തനം വിലയിരുത്താൻ സഹായിക്കുന്ന പ്രധാന പരിശോധനകളാണ്. ഈ പരിശോധനകള്‍ ഇടയ്ക്കിടെ നടത്തുന്നത് വൃക്കരോഗങ്ങള്‍ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താൻ സഹായകരമാണ്.
കുടുംബത്തില്‍ പാരമ്പര്യമായി വൃക്കരോഗമുള്ളവർ, പ്രമേഹം, അമിതരക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ ഉള്ളവർ, ദീർഘകാലം മരുന്നുകള്‍ കഴിക്കുന്നവർ, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവർ, അടിക്കടി മൂത്രാശയ അണുബാധ ഉണ്ടാകുന്നവർ, മൂത്രത്തില്‍ കല്ല് ഉള്ളവർ തുടങ്ങിയവർക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ളവർ നിർബന്ധമായും ആറുമാസം കൂടുമ്പോഴെങ്കിലും ക്രിയാറ്റിൻ പരിശോധനയും യൂറിൻ പരിശോധനയും നടത്തണം. പരിശോധനാഫലങ്ങളില്‍ സാധാരണ നിലയില്‍ നിന്ന് വ്യത്യാസം കാണുന്നുവെങ്കില്‍ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ ആരംഭിക്കണം.
വൃക്കരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ രോഗത്തിന്റെ പുരോഗതി തടയാനും ചികിത്സ ഫലപ്രദമാക്കാനും സാധിക്കും.ആരോഗ്യകരമായ ജീവിതശൈലിയും സമയബന്ധിതമായ പരിശോധനകളും വൃക്കരോഗങ്ങള്‍ തടയുന്നതില്‍ നിർണായകമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
. വൃക്കരോഗത്തിന് പാരമ്പര്യ സാധ്യതയുള്ളവർ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം
. പുകവലി, മദ്യപാനം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം
. കൊഴുപ്പ് കുറവുള്ള ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പതിവാക്കണം
. അമിതവണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കണം
. പതിവായ വ്യായാമം ശരീരഭാരം നിയന്ത്രിക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സാധിക്കും
. അമിതരക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രണത്തിലാക്കണം
. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികള്‍ ഉള്‍പ്പെടെ മരുന്നുകള്‍ കഴിക്കരുത്
. ഇടയ്ക്കിടെ മൂത്രത്തില്‍ കല്ല് വരുന്നവരും മൂത്രത്തില്‍ പഴുപ്പ് വരുന്നവരും വൃക്കരോഗ വിദഗ്ധനെ കണ്ട് നിർദേശങ്ങള്‍ പാലിക്കുക
. അധികമായുള്ള സ്കിൻ കോസ്മറ്റിക്സ് ഉപയോഗം കുറയ്ക്കുക
. ശാസ്ത്രീയടിസ്ഥാനമില്ലാത്ത മരുന്നുകള്‍ ഒഴിവാക്കുക
. ജിം സപ്ലിമെന്റ്സ് ഉപയോഗിക്കുന്നവർ ഇടയ്ക്ക് ക്രിയാറ്റിൻ ലവല്‍ പരിശോധന നടത്തുക.
വൃക്കരോഗങ്ങള്‍ തടയാം; പാലിക്കുക ആറ് നല്ല ശീലങ്ങള്‍
. രക്തസമ്മർദം നിയന്ത്രിക്കുക
. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
. ആവശ്യത്തിനു വെള്ളം കുടിക്കുക
. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
. ആവശ്യമില്ലാതെ വേദനസംഹാരികള്‍ കഴിക്കാതിരിക്കുക
. കൃത്യമായ ഇടവേളകളില്‍ വൃക്കയുടെ പരിശോധനകള്‍ നടത്തുക
കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആരൊക്കെ
. 40 വയസിനു മുകളില്‍ പ്രായമുള്ളവർ
. പ്രമേഹരോഗമുള്ളവർ
. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ
. കുടുംബത്തില്‍ പാരമ്പര്യമായി രോഗമുള്ളവർ
. മൂത്രത്തില്‍ കല്ല് ഇടയ്ക്കിടെ വരുന്നവർ.
എപ്പോഴാണ് പരിശോധന വേണ്ടത്
വർഷത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഇടവേളകളില്‍.