ഭക്ഷണപ്പൊതികളില്‍ 'റെഡ് സിഗ്നല്‍'; സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി: : വിപണിയിലെത്തുന്ന പാക്കറ്റ് ഭക്ഷണങ്ങളില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിങ് (FOPL) നടപ്പാക്കാൻ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടല്‍.

പൗരന്റെ ആരോഗ്യത്തിനുള്ള അവകാശം മൗലികമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ ഒരു മാസത്തിനകം അന്തിമ തീരുമാനമറിയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിക്ക് (FSSAI) നിർദേശം നല്‍കി.

നിലവില്‍ ഭക്ഷണപ്പൊതികളുടെ പുറകിലാണ് പോഷകവിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ, ഭക്ഷണത്തിലെ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ അമിതമാണെങ്കില്‍ പാക്കറ്റിന്റെ മുൻഭാഗത്ത് തന്നെ മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണത്തിന് 5 സ്റ്റാർ വരെയും അല്ലാത്തവയ്ക്ക് 0.5 വരെയും റേറ്റിങ് നല്‍കുന്ന രീതിയാണിത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാൻ ഇത് സഹായിക്കും.

കൊച്ചി ആസ്ഥാനമായ ‘ത്രീ എസ് ആൻഡ് ഔവർ ഹെല്‍ത്ത്’ എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജെ.ബി. പർധിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ലേബലിങ് നടപ്പാക്കാൻ സാവകാശം ചോദിക്കുകയും പിന്നീട് പഠനം വേണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്ത ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കമ്പനികളുടെ താല്‍പ്പര്യത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുൻഗണന നല്‍കേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു.

നമ്മള്‍ കഴിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളില്‍ എത്രത്തോളം വിഷാംശമുണ്ട്? ഇനി ഇത് അറിയാൻ പാക്കറ്റിന്റെ പുറകിലെ ചെറിയ അക്ഷരങ്ങള്‍ വായിച്ചു കണ്ണ് ചുവപ്പിക്കേണ്ടി വരില്ല. ഭക്ഷണപ്പൊതികളുടെ മുൻവശത്ത് തന്നെ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കുന്ന ‘ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിങ്’ ഒരു മാസത്തിനകം നടപ്പാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു കഴിഞ്ഞു. കൊച്ചിയിലെ ‘ത്രീ എസ് ആൻഡ് ഔവർ ഹെല്‍ത്ത്’ സൊസൈറ്റിയുടെ ഹർജിയിലാണ് ഈ ചരിത്രപരമായ നീക്കം. പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണങ്ങളെ 0.5 മുതല്‍ 5 വരെയുള്ള സ്റ്റാർ റേറ്റിങ്ങിലൂടെ ഇനി തിരിച്ചറിയാം. പൗരന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കമ്പനികളുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ അതിന് തടസ്സമാകരുതെന്നും കോടതി വ്യക്തമാക്കി. ഈ മാറ്റം വരുന്നതോടെ ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.

Vartha Malayalam News - local news, national news and international news.