ഭക്ഷണം മൂലമുള്ള അലർജി : എങ്ങനെ തിരിച്ചറിയാൻ കഴിയും?

ഭക്ഷണത്തിലൂടെയുള്ള അലർജി ഇപ്പോള്‍ വ്യാപകമാണ്. ഞണ്ട് അലർജി ഉണ്ടായിരുന്ന യുവാവ് വർഷങ്ങള്‍ക്ക് ശേഷം ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അലർജി ട്രിഗർ ആവുകയും മരണപ്പെടുകയും ചെയ്ത വാർത്ത വന്നതിന് പിന്നാലെ വീണ്ടും ഭക്ഷണ അലർജി ചർച്ചയാവുകയാണ്.നമ്മുടെ രോഗപ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളോട് അമിതമായി പ്രതികരിക്കുന്നതാണ് അലർജി ആയി മാറുന്നത്. ഏത് പ്രായക്കാരിലും അലർജി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

പാല്‍, ഗോതമ്പ്, സമുദ്രവിഭവങ്ങള്‍, നട്സ്, മുട്ട തുടങ്ങിയ നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും സാധാരണമായ ഭക്ഷണ പദാർത്ഥങ്ങളില്‍ നിന്ന് അലർജി ഉണ്ടാകാം. എന്നിരുന്നാലും ഓരോ വ്യക്തിയുടെയും അലർജി പ്രൊഫൈല്‍ വ്യത്യസ്തമായിരിക്കാം. സാധാരണ ചർമത്തില്‍ ചുവന്ന് തടിച്ചു വരുന്നതു മാത്രമല്ല, ഭക്ഷണ അലർജികള്‍ ജീവൻ തന്നെ അപഹരിക്കാം.

ചില ഭക്ഷണ അലർജികള്‍ കുട്ടിക്കാലത്ത് ഉണ്ടായിരുന്നെങ്കിലും വളരുമ്പോള്‍ മാറുകയാണ് പതിവ്. പ്രത്യേകിച്ച്‌ പാല്‍, മുട്ട, ഗോതമ്പ്, സോയ പോലുള്ളവയോടുള്ള അലർജി. എന്നാല്‍ നിലക്കടല, അണ്ടിപ്പരിപ്പ്, മത്സ്യം, സമുദ്രവിഭവങ്ങള്‍ (shellfish) എന്നിവയോടുള്ള അലർജികള്‍ പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനില്‍ക്കാം. അലർജി ഭേദമായോ എന്ന് അറിയാല്‍ വൈദ്യ പരിശോധന ആവശ്യമാണ്. സ്വയം നിർണയിക്കുന്നത് അപകടമുണ്ടാക്കാമെന്നും വിദഗ്ധർ പറയുന്നു.

അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, ഛര്‍ദ്ദി, വയറിളക്കം, ശ്വാസം മുട്ടല്‍, മുഖത്തിന്റെയും കഴുത്തിന്റെയും വീക്കം, ചര്‍മ ചുണങ്ങ്, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ക്കൊപ്പം കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഭയം, ശ്വസന നില ക്രമാനുസൃതമായി വഷളാകല്‍ തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. ഈ അവസ്ഥയെ അനാഫൈലക്സിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പെട്ടെന്ന് സംഭവിക്കുകയും ചികിത്സിച്ചില്ലെങ്കില്‍ മാരകമാവുകയും ചെയ്യാം.

അനാഫൈലക്സിസ് ലക്ഷണങ്ങള്‍

  • ശരീരം മുഴുവന്‍ പ്രത്യേകിച്ച്‌, മുഖവും ചുണ്ടും ചൊറിച്ചിലോടു കൂടി ചുവന്ന് തടിച്ചു വരിക.
  • ശക്തമായ ശ്വാസതടസം, ശ്വാസനാളം അടഞ്ഞു പോകുന്നതു പോലുള്ള തോന്നല്‍.
  • നെഞ്ചിലെ പേശികള്‍ വലിഞ്ഞു മുറുകുക
  • സംസാരിക്കാന്‍ ബുദ്ധിമുട്ട്
  • ക്രമരഹിതമായ ഹൃദയമിടിപ്പ്
  • തലചുറ്റല്‍
  • ബോധക്ഷയം

കൂടാതെ ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദം, വയറ്റില്‍ കൊഴുത്തി പിടുത്തം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.

കൊഞ്ച് കഴിച്ചാല്‍ മരിക്കുമോ? എന്താണ് ഷെല്‍ഫിഷ് അലർജി, ലക്ഷണങ്ങള്‍

സ്കിൻ പ്രിക്ക് ടെസ്റ്റ്

സ്‌കിന്‍ പ്രിക്ക് ടെസ്റ്റ്, ഇന്‍ട്രാഡെര്‍മല്‍ ടെസ്റ്റ് അല്ലെങ്കില്‍ ജനറല്‍ ഫുഡ് അലര്‍ജി ടെസ്റ്റ് എന്നിവ ഉപയോഗിച്ച്‌ ഭക്ഷണ അലര്‍ജികള്‍ കണ്ടെത്താനാകും. അലർജിയുണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നാണ് അലർജി നിയന്ത്രിക്കാനുള്ള പ്രധാന മാർഗം. കൂടാതെ പ്രൊഫഷണല്‍ സഹായത്തോടെ ആന്റിഅലർജിക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സയിലൂടെ അലർജി ട്രിഗറുകള്‍ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.

Vartha Malayalam News - local news, national news and international news.