ഇയാളെവിടെ പോയി? സതീശൻ വൈകിയതിൽ അസഭ്യപദം ചേർത്ത് നീരസം പ്രകടിപ്പിച്ച് സുധാകരൻ

ആലപ്പുഴ∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ വൈകി എത്തിയതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് സുധാകരൻ ചോദിച്ചു. അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു സുധാകരൻ തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 

കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനു കെ.സുധാകരൻ എത്തി കാത്തിരിക്കുമ്പോൾ സതീശൻ എത്താത്തതിൽ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തിലാണ് അസഭ്യപദം പ്രയോഗിച്ചത്. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിക്കുകയും ചെയ്തു. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

10 മണിക്കു നിശ്ചയിച്ച പത്രസമ്മേളനത്തിനു സുധാകരനും വൈകിയാണ് എത്തിയത്. എത്തിയപ്പോൾ തന്നെ അദ്ദേഹം മാധ്യമപ്രവർത്തകരോടു ഖേദം അറിയിച്ചു. തുടർന്നു സതീശനെ കാത്തിരുന്നപ്പോഴാണ് അദ്ദേഹം അസ്വസ്ഥനായത്. ഇയാളെവിടെ പോയി കിടക്കുകയാണെന്ന് ഒരു അസഭ്യ വാക്കും ചേർത്ത് സുധാകരൻ ചോദിക്കുകയായിരുന്നു. 11.05നായിരുന്നു വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നെന്ന് പിന്നീടെത്തിയ പ്രതിപക്ഷ നേതാവ് സതീശൻ പ്രതികരിച്ചു. 

Vartha Malayalam News - local news, national news and international news.