ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അക്രമം നടന്നുവെന്ന സി.പി.എം ആരോപണത്തെ പരിഹസിച്ച് വിചിത്രമായ വെല്ലുവിളികളുമായി കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും.മന്ത്രിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവർക്ക് 'കുഴിമന്തി'യും 'സ്വർണ്ണവും' പാരിതോഷികം പ്രഖ്യാപിച്ചാണ് ഇരു സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കുന്നവർക്ക് കുഴിമന്തി വാങ്ങി നല്‍കുമെന്നാണ് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. അക്രമം നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവർക്ക് ഒരു പവൻ സ്വർണ്ണം പാരിതോഷികം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രഖ്യാപിച്ചു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആർപിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്. എന്നാല്‍ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. . 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.