കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട

കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഇന്നലെ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് പോലീസിനെ പോലും ഞെട്ടിക്കുന്ന വിധത്തില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടിയത്. പരിശോധനയില്‍ കണ്ടെത്തിയത് രണ്ട് കിലോ കഞ്ചാവാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.

കഞ്ചാവ് വില്‍പ്പനയിലെ കൂട്ടാളികള്‍ ഓടി രക്ഷപെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ കഞ്ചാവ് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഒരു കോളജ് ഹോസ്റ്റലില്‍ നിന്നു മാത്രമാണ് ഇത്രയും വലിയ തോതില്‍ കഞ്ചാവ് പിടികൂടിയത് എന്നതാണ് എല്ലാവരെയും നടുക്കുന്നത്. ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു.

റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പ്രതികരിച്ചു. തൂക്കി വില്‍പ്പനക്കായുള്ള ത്രാസ് അടക്കം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനക്ക് എത്തിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയസംഘടനകള്‍ സജീവമായ കാമ്ബസിലാണ് കഞ്ചാവ് വില്‍പ്പന നടന്നത് എന്നതു ഞെട്ടിക്കുന്നു. കാലങ്ങളായി എസ്‌എഫ്‌ഐയാണ് പോളിടെക്നിക് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ സാങ്കേതിക സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Vartha Malayalam News - local news, national news and international news.