കെഎസ്ആര്‍ടിസി ഫീസ് നിശ്ചയിച്ചു ; ടൂവീലറിന് 3500, ഹെവി ലൈസന്‍സിന് 9000

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ ഡ്രൈവിങ് പരിശീലനത്തിനും ലൈസന്‍സ് എടുക്കാനും ഫീസ് നിശ്ചയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 20 മുതല്‍ 40 ശതമാനംവരെ തുക കുറവാണ്. ആദ്യഘട്ടം ആറ് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ഈ മാസം പ്രവര്‍ത്തനം തുടങ്ങുന്ന ഡ്രൈവിങ് സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഹെവി ലൈസന്‍സ് എടുക്കാന്‍ 9000 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലര്‍ ലൈസന്‍സിന് 3500 രൂപയാണ് ഫീസ്.

ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്. എല്‍എംവി, ടുവീലര്‍ ലൈസന്‍സുകള്‍ക്ക് രണ്ടിനുംകൂടി 11,000 രൂപ മതി.

മികച്ച ഡ്രൈവിങ് പഠനമാകും സ്‌കൂളില്‍ ഒരുക്കുകയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തിയറി ക്ലാസുമുണ്ടാകും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കും. റോഡില്‍ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്തമാക്കിയശേഷമാകും ടെസ്റ്റിന് വിടുക.

Vartha Malayalam News - local news, national news and international news.