സോഷ്യല്‍ മീഡിയ നിയന്ത്രണം : വരുന്നത് 16 വയസില്‍ താഴെയുള്ളവര്‍ക്ക്.

ന്യൂ ഡൽഹി : 16 വയസില്‍ താഴെയുള്ളവർക്ക് രാജ്യത്ത് സമൂഹമാധ്യമങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഓസ്ട്രേലിയ ഇത്തരമൊരു നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാനമായ രീതിയിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.

ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് സോഷ്യല്‍ മീഡിയ കമ്പനികളുമായി ഈ വിഷയത്തില്‍ ചർച്ചകള്‍ നടത്തിവരുകയാണ് എന്നാണ് അറിഞ്ഞത്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രായാധിഷ്ഠിത നിയന്ത്രണങ്ങളെക്കുറിച്ചും, ഡീപ്പ്ഫേക്കുകളെക്കുറിച്ചും ചർച്ചയിലാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയില്‍ പങ്കുവെച്ചു.

ഡീപ്ഫേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വർധിച്ചുവരികയാണ്. ഇതില്‍ നിന്ന് കുട്ടികളെയും സമൂഹത്തെയും മൊത്തത്തില്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിയന്ത്രണം ആവശ്യമാണ്.

നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതിനെക്കുറിച്ച്‌ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം വന്നാല്‍ നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, മെറ്റ, എക്‌സ് ഉള്‍പ്പെടെയുള്ള എല്ലാം കമ്പനിയും സഹകരിക്കുകയും, നിയമ ചട്ടക്കൂടുകള്‍ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

Vartha Malayalam News - local news, national news and international news.