ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം; 3 ജീവനക്കാരെ കാണാനില്ല

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന 'മയൂരി നാരി' എന്ന തായ് ചരക്കുകപ്പലിനു നേരെ ആക്രമണം.

ബുധനാഴ്ച നടന്ന ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന് തീപിടിക്കുകയും മൂന്നു ജീവനക്കാരെ കാണാതാവുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

തിരിച്ചറിയാത്ത രണ്ട് പ്രൊജക്ടൈലുകള്‍ കപ്പലില്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ കപ്പലിന്റെ എന്‍ജിന്‍ റൂമിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും തീപിടുത്തമുണ്ടാവുകയും ചെയ്തു. കാണാതായ മൂന്നു ജീവനക്കാരും എന്‍ജിന്‍ റൂമിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

തായ്ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രെഷ്യസ് ഷിപ്പിംഗ് എന്ന കമ്പനിയുടെ കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. 'മൂന്നു ജീവനക്കാരെ കാണാനില്ലെന്നും അവര്‍ എന്‍ജിന്‍ റൂമിനുള്ളില്‍ കുടുങ്ങിയതായാണ് കരുതുന്നതെന്നും' കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കാണാതായ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഷിപ്പിംഗ് കമ്പനി പറഞ്ഞു. കപ്പലിന്റെ പിന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ തായ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്. തായ് സ്വദേശികളായ 23 ക്രൂ അംഗങ്ങളായിരുന്നു കപ്പലിലുണ്ടായിരുന്നതെന്ന് റോയല്‍ തായ് നേവി പ്രസ്താവനയില്‍ പറഞ്ഞു.

കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണം വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.