എംപറർ ഇമ്മാനുവൽ ചർച്ചിനെതിരെ യു-ട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ച പാലക്കാട് സ്വദേശി ബനഡിക്ട് (ബെൻ ജോൺസൺ) എന്നയാളെയാണ് പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മതസ്പർദ്ദയും കലാപവും ലക്ഷ്യമിട്ടുള്ള വ്യാജവാർത്തകൾ ചർച്ചിന്റെ ലോഗോകളും മറ്റ് ചിഹ്നങ്ങളും ദുരുപയോഗം ചെയ്തു കൊണ്ടാണ് പ്രതികൾ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്ന് ചില അനിഷ്ട സംഭവങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 500/2023 - ലെ ഒന്നാം പ്രതിയാണ് ഇയാൾ. എംപറർ ഇമ്മാനുവൽ ചർച്ച് ട്രസ്റ്റി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ്സെടുത്തത്. കോലഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. എംപറർ ഇമ്മാനുവൽ ചർച്ചിന് വേണ്ടി അഡ്വ. ബാബു കറുകപ്പാടം, അഡ്വ. സാബു തൊഴുപ്പാടൻ എന്നിവർ കോടതിയിൽ ഹാജരായിരുന്നു. മതസ്പർദ്ദയും കലാപവും ലക്ഷ്യമിട്ടുള്ള വ്യാജവാർത്തകളുടെ പ്രചാരണത്തിനെതിരെ പോലീസ് പരാതികളില്ലാതെ തന്നെ സ്വമേധയാ കേസ്സെടുക്കണമെന്ന സുപ്രീം കോടതിയുടെ റൂളിംഗ് നിലനിൽക്കുമ്പോഴാണ് സമൂഹത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന അത്യന്തം ഗുരുതരമായ മാപ്പർഹിക്കാത്ത കുറ്റകൃത്യം പ്രതികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന വസ്തുത അഭിഭാഷകർ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി പ്രതിയെ റിമാൻഡു ചെയ്യുവാൻ ഉത്തരവിട്ടുകയായിരുന്നു. വ്യാജ ഓഡിയോകളും വിഡിയോകളും തയ്യാറാക്കി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ഇയാൾക്ക് കൂട്ടാളിയായ രണ്ടാം പ്രതി അജിൽ മാത്യുവും ഉടൻ പോലീസ് വലയിലാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുത്തൻകുരിശ് ഡി.വൈ. എന്ന്.പി യുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ വ്യാജ ഓഡിയോ, വിഡിയോ വാർത്തകൾ ചമയ്ക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് നീക്കം. മതനിന്ദ ഉളവാക്കി കലാപം ഉണ്ടാക്കാനുള്ള ഇവരുടെ നീക്കത്തിന് പിന്നിൽ മറ്റ് വ്യക്തികളുടെയോ സംഘങ്ങളുടെയോ സഹായമോ പിൻബലമോ ഉണ്ടായിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ പ്രതിസ്ഥാനത്തേക്ക് കൂടുതൽ പേരുകൾ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.