വീശിയത് മിന്നൽചുഴലി: മരങ്ങൾ വീണ് 60 വീടുകൾ തകർന്നു; 20 വൈദ്യുതിത്തൂണുകൾ വീണു - വൻ നാശനഷ്ടം

ഷൊർണൂർ മുണ്ടായ പ്രദേശത്തു ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് 60 വീടുകൾക്കു കേടുപാട്. വൈദ്യുതിത്തൂണുകൾ വീണതോടെ മേഖലയിൽ വൈദ്യുതി വിതരണവും മുടങ്ങി. ഇന്നലെ വൈകിട്ട് 3.30 മുതൽ ആരംഭിച്ച മഴയോടൊപ്പമാണു ശക്തമായ കാറ്റു വീശിയത്. ഓടിട്ട വീടുകളിൽ പലതും ഭാഗികമായി നിലം പൊത്തി. മുണ്ടായ വായനശാല മേഖലയിലാണു വീടുകൾ തകർന്നത്. 20 വൈദ്യുതിത്തൂണുകളും വീണു. വഴികളിലാകെ മരച്ചില്ലകൾ വീണ നിലയിലാണ്.

മുണ്ടായയിൽ വീശിയതു മിന്നൽചുഴലി. ഭാരതപ്പുഴയിലൂടെയായിരുന്നു അതിവേഗം കാറ്റിന്റെ വരവ്. ഇതോടെ തീരപ്രദേശത്തെ മരങ്ങൾ വീണും ചില്ലകൾ ഒടിഞ്ഞും വലിയ നാശനഷ്ടമുണ്ടായി. സമാന രീതിയിലാണു ഭാരതപ്പുഴയുടെ മറുകരയിലെ ദേശമംഗലം കറ്റുവട്ടൂർ പ്രദേശത്തും ഇതിനു മിനിറ്റുകൾക്കു മുൻപു കാറ്റിൽ മരങ്ങൾ വീണത്. നേരത്തേ ചേലക്കര പ്രദേശത്തു കാറ്റു വീശിയപ്പോഴും ഭാരതപ്പുഴയുടെ മറുകരയായ മാന്നനൂരിൽ മരങ്ങൾ വീണിരുന്നു.

ഷൊർണൂർ നഗരസഭാധ്യക്ഷൻ എം.കെ.ജയപ്രകാശ്, വാർഡ് കൗൺസിലർ കൂടിയായ സ്ഥിരം സമിതി അധ്യക്ഷ പി.ജിഷ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തകർന്ന വീടുകൾ സംബന്ധിച്ച കണക്കെടുപ്പ് ഇന്നു നടത്തി അർഹമായ നഷ്ട പരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷൻ അറിയിച്ചു.

Vartha Malayalam News - local news, national news and international news.