നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ നവജാത ശിശുവിന് പുതുജീവൻ

കൊച്ചി: അത്യാധുനിക ചികിത്സയിലൂടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ നവജാത ശിശുവിന് പുതുജീവൻ നല്‍കി. ജനിച്ചപ്പോൾ ഈ കുഞ്ഞിന് നാല് കിലോ ഭാരമായിരുന്നു. കടുത്ത ശ്വാസതടസവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലുമാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയസമ്മർദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പള്‍മണറി ഹൈപ്പർടെൻഷൻ ഉള്ളതായും എക്കോ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ വെന്റിലേറ്റർ സഹായം ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ലഭ്യമാക്കിയെങ്കിലും നില സങ്കീർണമായി തന്നെ തുടർന്നു. നൂറ് ശതമാനം ഓക്സിജൻ നല്‍കിയിട്ടും കുഞ്ഞിന്റെ ഓക്സിജൻ നില 75-80 ശതമാനത്തിലേക്ക് താഴുകയും രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതും കുഞ്ഞിൻ്റെ സ്ഥിതി കൂടുതല്‍ വഷളാക്കി.

കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ വേണ്ടി ചികിത്സയുടെ മൂന്നാം ദിവസം ഇൻഹേല്‍ഡ് നൈട്രിക് ഓക്സൈഡ് തെറാപ്പി ആരംഭിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ശ്വാസകോശത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന ഈ ആധുനിക ചികിത്സാരീതിയിലൂടെ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ദ്രുതഗതിയിലുള്ള പുരോഗതിയാണ് ഉണ്ടാക്കിയത്. ഏഴ് മുതല്‍ എട്ട് ദിവസത്തെ തീവ്രമായ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം പൂർണ ആരോഗ്യവാനായി കുഞ്ഞ് ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങി.

നിയോനറ്റോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ജിനോ ജോസഫ്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. നൈസ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘമാണ് സങ്കീർണമായ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

Vartha Malayalam News - local news, national news and international news.