സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്;

തിരുവനന്തപുരം: വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്നിട്ടാണ് പത്തു മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നത്.

റോഡപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ട് വൃക്കകളും എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തുവയസുള്ള ഒരു കുട്ടിക്ക് മാറ്റിവെക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ എബ്രഹാം.കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30 യോടെയാണ് എംസി റോഡില്‍ പള്ളം ബോർമ കവല ജങ്ഷന് സമീപം അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഡോക്ടർമാരുടെ തീവ്രശ്രമങ്ങള്‍ക്കൊടുവിൽ ആ കുഞ്ഞിൻ്റെ ജീവനെ തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരമാണ് സർക്കാർ സംവിധാനമായ കെസോട്ടോ വഴി അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ആലിൻ ദാനം ചെയ്യുന്ന ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും, കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും, കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുമാണ് എത്തിക്കുന്നത്. കൂടാതെ കുട്ടിയുടെ കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും. കടുത്ത വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ മാതാപിതാക്കള്‍ കാണിച്ച സന്നദ്ധതയ്ക്കും എടുത്ത തീരുമാനത്തിനും ഇവർ സമൂഹത്തിനു വലിയ മാതൃകതന്നെയാണ്.

Vartha Malayalam News - local news, national news and international news.