കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലില്‍ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തല്‍ ഷിംജിത മുസ്തഫ(35)ക്ക് ജാമ്യം.
കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
ഷിംജിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പോലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടില്‍ ഉള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നതും ഇതില്‍ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
21 ദിവസമായി ജയിലില്‍ ആണെന്നും ഫോറൻസിക് ഫലം വരുന്നത് വരെ റിമാൻഡില്‍ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. അന്വേഷണത്തില്‍ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്.
ദീപക് മരിച്ച സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പോലീസ് കോടതിയില്‍ അറിയിച്ചത്.
ദീപക് മരിച്ച വിവരം പുറത്തുവന്ന ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതോടെ ഷിംജിത ഒളിവില്‍ പോയിരുന്നു. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്ന് 21ന് ആണ് പോലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കല്‍ കോളജ് പോലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.