കൊച്ചി: വിദ്യാർത്ഥിളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ ചൂരല്‍ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 118 പ്രകാരം മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി.
വിദ്യാർത്ഥിയെ ചൂരല്‍ കൊണ്ട് അടിച്ചെന്നാരോപിച്ച് ഒരു സ്കൂള്‍ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാർ ഈ വിധി പുറപ്പെടുവിച്ചത്.
ഒരു കുട്ടി വിദ്യാലയത്തില്‍ എത്തുമ്ബോള്‍, കുട്ടിയെ തിരുത്താനും അച്ചടക്കം നടപ്പിലാക്കാനുമുള്ള അധികാരം രക്ഷിതാവ് അധ്യാപകന് നല്‍കുന്നുണ്ട്. ഇത് അധ്യാപകന്റെ സ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വിദ്യാർത്ഥി നിയമങ്ങള്‍ പാലിക്കാതിരിക്കുമ്ബോള്‍, അവന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകൻ നല്‍കുന്ന ശാരീരിക ശിക്ഷ സദുദ്ദേശത്തോടെയുള്ളതാണോ എന്ന് പരിശോധിക്കണം. ദ്രോഹിക്കണമെന്ന ദുരുദ്ദേശമില്ലാതെ പെരുമാറ്റം നന്നാക്കാൻ വേണ്ടിയാണെങ്കില്‍ അത് അധ്യാപകന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ബിഎൻഎസ് സെക്ഷൻ 118(1) പ്രകാരം കുറ്റം ചുമത്തണമെങ്കില്‍ ഉപയോഗിച്ച ആയുധം മാരകമായിരിക്കണം. ഈ കേസില്‍ ചൂരല്‍ മാരകായുധങ്ങളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ലാത്തതിനാല്‍ ആ വകുപ്പ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
എന്താണ് കേസ്?
തിരുവനന്തപുരം വെങ്ങാനൂരിലെ 36 വയസുള്ള അധ്യാപകനെതിരെയായിരുന്നു കേസ്. 2025 ഫെബ്രുവരി 10ന് സ്റ്റാഫ് റൂമില്‍ വെച്ച് ഒരു വിദ്യാർത്ഥിയെ ചൂരല്‍ കൊണ്ട് അടിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ബിഎൻഎസ് സെക്ഷൻ 118(1), ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
എന്നാല്‍, പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്കം നിലനിർത്താൻ ഏറ്റവും കുറഞ്ഞ അളവിലുള്ള ശാരീരിക ശിക്ഷ മാത്രമേ അധ്യാപകൻ നല്‍കിയിട്ടുള്ളൂ എന്നും ദ്രോഹിക്കാനുള്ള ലക്ഷ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. അതിനാല്‍ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ എം ആർ സരിൻ, പി എസ് സന്തോഷ്കുമാർ (കരുംകുളം), പാർവതി കൃഷ്ണ, അജി എസ്, മിഥുൻ സോമൻ എന്നിവർ ഹാജരായപ്പോള്‍ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടർ ബ്രീസ് എം എസ് ഹാജരായി.