കേരളത്തെ നടുക്കിയ ഡോക്ടർ വന്ദനദാസ് വധക്കേസിൽ പ്രതിയായ സന്ദീപിന് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ഡോക്ടർ വന്ദനദാസ് വധക്കേസിൽ പ്രതിയായ സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഈ കേസിൽ വിധി പറഞ്ഞത്. പ്രതിയായ സന്ദീപിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. തനിക്ക് പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുടവട്ടൂർ സ്വദേശിയായ സന്ദീപ് ഡോക്ടർ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഈ ക്രൂരകൃത്യം നടന്നത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ പ്രതി അടക്കം ആക്രമിക്കുകയുണ്ടായി. എന്നാൽ ഡോക്ടർ വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതിയായ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിൽ വച്ച് സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പ്രതിയായ സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ സാക്ഷിമൊഴികൾ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു. പ്രതിയായ സന്ദീപ് മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പ്രതിക്ക് ഗുരുതര മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഈ കേസിൽ ഹാജരാക്കി. സ്കൂൾ അധ്യാപകനായിരുന്നു പ്രതിയായ സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്ന സന്ദീപ് നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

Vartha Malayalam News - local news, national news and international news.