15 വര്‍ഷമായി അടുക്കളയില്‍ എരിയുന്നത് സൗജന്യ പ്രകൃതിവാതകം

ആലപ്പുഴ: പാചകവാതക വിലവർദ്ധനവും യുദ്ധാനന്തര പ്രതിസന്ധിയെയും തുടർന്ന് ഗ്യാസ് ക്ഷാമം സാധാരണക്കാരെ വലയ്ക്കുമ്പോള്‍, നയാപൈസ ചെലവില്ലാതെ അടുക്കളയില്‍ തീ എരിയുന്ന സന്തോഷത്തിലാണ് ആലപ്പുഴ നഗരത്തിലെ ഒരു കുടുംബം.

കഴിഞ്ഞ 15 വർഷമായി ആറാട്ടുവഴി സിഖ് ജംക്‌ഷനു സമീപം 'കാർത്തിക'യില്‍ രമേശൻ-രത്നമ്മ ദമ്പതികൾ പ്രകൃതി സ്വമേധയാ നല്‍കുന്ന പ്രകൃതിവാതകമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.

പുതിയ വീട് പണിത ശേഷം 2011 നവംബർ ഏഴിന് കുഴല്‍ക്കിണർ കുഴിച്ചപ്പോഴാണ് ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് മീറ്റർ ആഴമുള്ള പഴയ കിണറില്‍ കലക്കവെള്ളം വന്നതിനാൽ 20 മീറ്റർ ആഴത്തില്‍ പുതിയ കുഴല്‍ക്കിണർ നിർമ്മിച്ചു. എന്നാല്‍ വെള്ളത്തിന് പകരം കുഴിയില്‍ നിന്ന് പുറത്തേക്ക് വന്നത് പ്രകൃതിവാതകമായിരുന്നു. പൈപ്പ് വെല്‍ഡ് ചെയ്യാനായി തീ കത്തിച്ചപ്പോള്‍ പെട്ടെന്ന് ആളിപ്പടരുകയും ഒരാഴ്ചയോളം ആ തീ അണയാതെ കത്തുകയും ചെയ്തു.

സംഭവമറിഞ്ഞ് ഭൂജല വകുപ്പില്‍ നിന്നും വിവിധ എണ്ണക്കമ്പനികളില്‍ നിന്നും വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പുറത്തെത്തുന്നത് പ്രകൃതിവാതകമാണെന്നും ഇത് പാചകത്തിന് ഉപയോഗിക്കാമെന്നും അവർ സ്ഥിരീകരിച്ചു. ഇതോടെ കുഴല്‍ വഴി വാതകം നേരിട്ട് അടുക്കളയിലേക്ക് എത്തിച്ചു. വാതകത്തിന്റെ വരവ് നിയന്ത്രിക്കാൻ പൈപ്പില്‍ ഒരു റഗുലേറ്ററും ഘടിപ്പിച്ചു. നിലവില്‍ കുഴല്‍ക്കിണറിന് സമീപം പുതിയ അടുക്കള പണിയുകയും കുഴിയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

അതിശക്തമായ മഴക്കാലത്ത് വാതകത്തിന്റെ അളവ് നേരിയ തോതില്‍ കുറയാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കരുതിവെച്ച എല്‍പിജി (LPG) സിലിണ്ടർ കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്ന് രത്നമ്മ പറയുന്നു. ആലപ്പുഴയിലെ പൂന്തോപ്പ് വാർഡില്‍ ശരണ്യയില്‍ ബാലചന്ദ്രന്റെ വീട്ടിലും ആറാട്ടുവഴിയിലെ എൻ ഷാജിയുടെ വീട്ടിലും സമാനമായ രീതിയില്‍ വാതക ലഭ്യത ഉണ്ടായിരുന്നുവെങ്കിലും അവിടെയെല്ലാം ഇടയ്ക്കിടെ മാത്രമാണ് ഗ്യാസ് ലഭിക്കുന്നത്. ആലപ്പുഴ മേഖലയില്‍ ഭൂഗർഭത്തില്‍ പ്രകൃതിവാതക നിക്ഷേപമുണ്ടെന്നും കുഴിക്കുമ്പോള്‍ ഇത് പുറത്തേക്ക് വരുന്നതാണെന്നും ഭൂഗർഭ ജലവിഭാഗം മുൻ ഡയറക്ടർ ആൻസി ജോസഫ് വ്യക്തമാക്കി.

Vartha Malayalam News - local news, national news and international news.