ടെൽ അവീവ്: ഗാസയില്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മുതിർന്ന ഹമാസ് നേതാവിനെയും സഹായിയേയും വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍.
പ്രാദേശിക സമയം, ഞായറാഴ്ച വൈകിട്ട് തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിലായിരുന്നു സംഭവം.
ഹമാസിന്റെ ധനകാര്യ വിഭാഗം മേധാവി ഇസ്‌മയില്‍ ബർഹൂം ആണ് കൊല്ലപ്പെട്ടത്. നാല് ദിവസം മുന്നേയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനിടെ സംഭവിച്ച പരിക്കിന് ചികിത്സയില്‍ തുടരുകയായിരുന്നു ഇയാള്‍. ആശുപത്രിയുടെ സർജറി വിഭാഗത്തെയാണ് ഇസ്രയേല്‍ ലക്ഷ്യമാക്കിയത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ആരോഗ്യ പ്രവർത്തകർ അടക്കം മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ഹമാസ് പറയുന്നു. കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
അതേ സമയം, ഈ മാസം 18ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതു മുതല്‍ ഗാസയില്‍ 730 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 65 പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയത് മുതല്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 50,080 കടന്നു. വെടിനിറുത്തല്‍ കരാറിന്റെ തുടർച്ചയില്‍ ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചത്.