നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു;ഒരാൾ മരിച്ചു

ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. രാജകുമാരി പാണ്ടിപ്പാറ സ്വദേശി ജോസഫ് ആണ് മരണപ്പെട്ടത്.

കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

കാറിനും കെ എസ് ആർ ടി സി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്ന നിലയിലാണ്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്.ഒരു ഗർഭിണി അടക്കം മൂന്ന് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. *

Vartha Malayalam News - local news, national news and international news.