യു എൻ ജനറല്‍ അസംബ്ലിയില്‍ ഇറാനെ പരസ്യമായി വെല്ലുവിളിച്ചും പലസ്തീന്‍ നീക്കം ചെയ്ത ഭൂപടം ഉയര്‍ത്തിക്കാട്ടിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇടിവെട്ട് പ്രസംഗം.തന്റെ വലത്തേ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഭൂപടത്തില്‍ മധ്യപൂര്‍വ രാജ്യങ്ങളായ ഇറാന്‍, ഇറാഖ്,സിറിയ, യെമന്‍ എന്നിവയാണ് ഉണ്ടായിരുന്നത്. കറുത്തനിറത്തില്‍ അടയാളപ്പെടുത്തിയ ഈ രാജ്യങ്ങളെ 'ശാപം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇടത്തേ കൈയില്‍ പച്ച നിറത്തില്‍ ഈജിപ്ത്, സുഡാന്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളും ഉണ്ടായിരുന്നു. പച്ച നിറത്തിലുള്ള രാജ്യങ്ങളുടെ ഭൂപടത്തിന് മുകളില്‍ 'അനുഗ്രഹം' എന്നാണ് എഴുതിയിരുന്നത്. എന്നാല്‍
ഈ രണ്ട് ഭൂപടങ്ങളിലും പലസ്തീന്‍ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായി. ശാപരാജ്യങ്ങള്‍ക്കെല്ലാം ഇറാനുമായി ബന്ധമുണ്ടെന്നും നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ഇറാനും സഖ്യരാജ്യങ്ങളുമാണെന്നും നെതന്യാഹു ആരോപിച്ചു.ലബനനിലെ ഹിസ്ബുല്ലയ്ക്കും ഗാസയിലെ ഹമാസിനും യെമനിലെ ഹൂതി വിമതര്‍ക്കുമെല്ലാം സൈനിക- സാമ്ബത്തിക സഹായം ടെഹ്‌റാനില്‍ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഇറാന് മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ള യുദ്ധത്തിന്റെ വഴി സ്വീകരിക്കുന്ന കാലം മുഴുവന്‍ ഇസ്രയേലിന് അതിനെ പ്രതിരോധിക്കുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,
ഹിസ്ബുള്ള ആസ്ഥാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ടിരിക്കുകയാണ് ഇസ്രായേല്‍. എന്നാല്‍ നസ്രള്ളയുടെ മകള്‍ സൈനബ് നസ്രള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ഹിസ്ബുള്ളയില്‍നിന്നോ ലെബനീസ് അധികൃതരില്‍നിന്നോ സൈനബിന്റെ മരണത്തെ കുറിച്ച് ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.