കൊച്ചി: ശനിയാഴ്ച രാത്രി 10 മുതല്‍ ഞായർ പുലർച്ചെ മൂന്ന് വരെ കൊച്ചി നഗരത്തില്‍ ഓപ്പറേഷൻ മിഡ്‌നൈറ്റ് എന്നപേരില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്ന് കൈവശം വച്ചവരും ഉപയോഗിച്ചവരുമടക്കം 300 പേർ പിടിയിലായി.
38 ഇടങ്ങളില്‍ നിലയുറപ്പിച്ച പൊലീസ് അതുവഴിപോയ വാഹനങ്ങളടക്കം തുറന്നു പരിശോധിച്ചു. സംശയം തോന്നിയവരെ ദേഹപരിശോധന നടത്തി. 77 ലഹരിക്കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 193 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 27 കേസുകളും രജിസ്റ്റർ ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ 550 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.
ഇതിനിടെ പാലപ്രശ്ശേരി തേറാട്ടിക്കുന്നില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് 1.280 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഞായർ രാത്രി 7.40ഓടെയാണ് സംഭവം. പൊലീസ് പ്രതികളുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. തൊഴിലാളികള്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കഞ്ചാവ് പിടികൂടാൻ ഇടയാക്കിയത്.
കെട്ടിട നിർമ്മാണം, മരംവെട്ട് തുടങ്ങിയ തൊഴിലുകളില്‍ ഏർപ്പെടുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. സംഘാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതിനെത്തുടർന്ന് ഒരാള്‍ ഹിന്ദി അറിയാവുന്ന നാട്ടുകാരായ യുവാക്കളെ കണ്ട് കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം അറിയിക്കുകയായിരുന്നു. യുവാക്കള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ആരോപണ വിധേയനായ തൊഴിലാളി കഞ്ചാവ് പൊതി വലിച്ചെറിഞ്ഞു. തുടർന്ന് നാട്ടുകാർ അറിയിച്ച പ്രകാരം ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി കഞ്ചാവും അളക്കാനുള്ള ത്രാസും കസ്റ്റഡിയിലെടുത്തു.